photo

കുടയംപടി : കുടയംപടി മള്ളൂർ പാടശേഖരം കതിരണിയുന്നു. കഴിഞ്ഞ 25 വർഷക്കാലം തരിശിട്ടിരുന്ന പാടശേഖരത്തിൽ കൃഷിയിറക്കാൻ തീരുമാനിച്ചു. അതോടെ കർഷകരുടെ സ്വപ്നങ്ങൾക്കും ചിറക് മുളയ്ക്കും.

അയ്മനം പഞ്ചായത്തിന്റെ ഹൃദയഭാഗത്തെ മള്ളൂർ പാടത്തിലാണ് കൃഷിയിറക്കുന്നത്.

ഹരിതകേരളം പദ്ധതിയുടെ ഭാഗമായി നിരവധി തവണ ഇവിടെ കൃഷിയിറക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. തുടർന്ന് നേരിട്ട് കൃഷിയിറക്കാൻ അസൗകര്യമുള്ള ഉടമകളുടെ സ്ഥലത്ത് പാട്ടകൃഷിയിറക്കാൻ സന്നദ്ധമായ വിവിധ കർഷക ഗ്രൂപ്പുകൾ രംഗത്ത് വന്നു. ഇതോടെയാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃഷിയിറക്കാനുള്ള നടപടികൾ ആരംഭിച്ചത്. ഇറിഗേഷൻ വകുപ്പിന്റെ സഹകരണത്തോടെ കർഷകർ കാടുകയറിയ പാടം വെട്ടിത്തെളിച്ച് വിത്തിറക്കാൻ പാകപ്പെടുത്തിയിട്ടുണ്ട്. പാടശേഖരം വീണ്ടെടുക്കുന്നതിനായി അയ്‌മനം പഞ്ചായത്തും ഇറിഗേഷൻ വകുപ്പും 4 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. അയ്മനം പഞ്ചായത്തിലും കോട്ടയം നഗരസഭാ പ്രദേശത്തുമായാണ് മള്ളൂർ പാടം വ്യാപിച്ചുകിടക്കുന്നത്.

മള്ളൂർപാടത്ത് കൃഷിയിറക്കാതായതോടെ സമീപത്തെ കുടയംപടി തോട്ടിലെ നീരൊഴുക്ക് കുറഞ്ഞു. വേനലിൽ സമീപത്തെ കിണറുകൾ വറ്റി. പ്രദേശത്ത് വരൾച്ച രൂക്ഷമായതും തോടും പാടവും മലിനമായതും ആരോഗ്യത്തിനും ഭീഷണിയായതോടെയാണ് പാടം വീണ്ടും പച്ചപ്പണിയണമെന്ന ആവശ്യം ഉയർന്നത് . കൃഷിക്കായി പഞ്ചായത്ത് അനുവദിച്ച തുക നേരിട്ട് മള്ളൂർ പാടശേഖരസമിതിക്ക് കൈമാറും.


മള്ളൂർ പാടം വ്യാപിച്ചുകിടക്കുന്നത്....

70 ഏക്കറിൽ

പാടത്ത് കൃഷിയിറക്കാൻ അനുബന്ധ സംവിധാനങ്ങൾ അയ്മനം പഞ്ചായത്ത് ഒരുക്കാൻ തയ്യാറാണ്. മള്ളൂപാടത്ത് കൃഷിയിറക്കുകയെന്നത് പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആഗ്രഹമാണ്. പാടം വീണ്ടെടുക്കുന്നതിനൊപ്പം കുടയംപടി തോടിനും ജീവൻവയ്ക്കും. മറ്റ് സാങ്കേതിക പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ലെങ്കിൽ ഈ വർഷം തന്നെ കൃഷിയിറക്കും . ''

അനീഷ് കുമാർ (അയ്‌മനം പഞ്ചായത്ത് അംഗം)