കോട്ടയം: പ്രളയശേഷം വേമ്പനാട്ടു കായലിൽ നടത്തിയ മത്സ്യ സർവേയിൽ ചില ഇനം കായൽ മത്സ്യങ്ങൾ പമ്പ, മണിമല, അച്ചൻ കോവിലാറുകളിലേയ്ക്കും സമീപ നദികളിലേക്കും പലായനം ചെയ്തുവെന്ന് കണ്ടെത്തി.
കായൽ മീനുകളുടെ എണ്ണം കുറഞ്ഞു. വളർത്തു മീനുകളുടെ എണ്ണം കൂടി. കടൽ മത്സ്യങ്ങളുടെ സാന്നിദ്ധ്യവും കായലിൽ കണ്ടെത്തി .
പ്രളയകാലത്ത് മൂന്നടിയോളം ജലനിരപ്പ് ഉയർന്നിരുന്നു.ഇത് കായലിലെ മത്സ്യ ഘടനയിൽ മാറ്റം വരുത്തി . ചെറു മീനുകളുടെ എണ്ണം കുറഞ്ഞു. പൂളോൻ , നന്ദൻ ,നങ്ക് ,മനഞ്ഞിൽ ചില ഇനം കൂരി ഇനങ്ങൾക്ക് വംശനാശം സംഭവിച്ചു. ചേറ് മീൻ ,വരാൽ, കരിമീൻ ലഭ്യതയിലും വലിയ കുറവുണ്ടായി.
വളർത്ത് മീൻകുളം, ടാങ്ക്, പാടം എന്നിവ നിറഞ്ഞ് പ്രളയ ജലത്തിൽ ഒഴുകിയെത്തിയതെന്നു കരുതുന്ന ആഫ്രിക്കൻ മുഷി, വാളക്കൂരി, റെഡ് ബെല്ലി എന്നിവ വലിയ തോതിൽ കണ്ടെത്തി. തണ്ണീർമുക്കം ബണ്ട് അടയ്ക്കുന്നതിന് മുമ്പ് കായൽ ജലത്തിൽ ഉപ്പിന്റെ അംശം കൂടിയിരുന്നു. ഇതോടെ കടൽ മത്സ്യങ്ങൾ കായലിലേക്ക് കടന്നുവെന്ന സൂചനയുണ്ട്. ഷട്ടർ അടച്ച് കായലിലെ ഉപ്പു രസം കുറഞ്ഞതോടെ കടൽ മത്സ്യങ്ങളുടെ നിലനിൽപ്പ് പ്രശ്നമാകാം. വളർത്തു മീനുകളും കടൽ മത്സ്യങ്ങളും ചേർന്ന് കായൽ മത്സ്യങ്ങളെ കൊന്നു തിന്നുന്നത് ഭാവിയിൽ ഇവയുടെ വംശവർദ്ധനവിനെയും ബാധിക്കാം.
ഡിസംബർ 21 മുതൽ 23 വരെ തണ്ണീർമുക്കം മുതൽ അരൂക്കുറ്റിവരെയുള്ള പ്രദേശത്തായിരുന്നു പ്രമുഖ പരിസ്ഥിതി ട്രസ്റ്റായ അശോക ട്രസ്റ്റ് ഫോർ റിസർച്ച് ഇൻ ഇക്കോളജി (എ.ടി) സർവേ. വലവീശി മീനുകളെ പിടിച്ചും പരമ്പരാഗത മത്സ്യതൊഴിലാളികൾ, മത്സ്യ വിൽപ്പനക്കാർ എന്നിവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചുമായിരുന്നു നൂറോളം പേർ പങ്കെടുത്ത മൂന്നു ദിവസത്തെ സർവേ. 115 ഇനം ഇനം മത്സ്യങ്ങൾ സർവേയിൽ കണ്ടെത്തി. കഴിഞ്ഞ മേയിലെ സർവേയിൽ 110 ഇനങ്ങളാണ് കണ്ടെത്തിയിരുന്നത്.