കോട്ടയം: ഈ മാസം തന്നെ കോട്ടയത്ത് ഫോർ ജി സർവീസ് ആരംഭിക്കുമെന്ന് ബി.എസ്.എൻ.എൽ അധികൃതർ അറിയിച്ചു. ആദ്യഘട്ടത്തിൽ കോട്ടയം മുതൽ കടുത്തുരുത്തി വരെയുള്ള ഭാഗങ്ങളും മെഡിക്കൽ കോളേജ് ഉൾപ്പടെയുള്ള സ്ഥലങ്ങളുമാണ് ഫോർ ജി ആകുന്നത്.
ഫോർ ജി സ്‌പെക്ട്രം ലഭിക്കുന്നതുവരെ നിലവിലുള്ള ത്രീജി സ്‌പെക്ട്രം ഉപയോഗിച്ചായിരിക്കും അതിവേഗ ഫോർ ജി സർവീസ് ലഭ്യമാക്കുക. ഇതിനാൽ നിലവിലുള്ള ത്രീജി ഉപയോക്താക്കൾ എത്രയും വേഗം ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയുമായി തൊട്ടടുത്തുള്ള ബി.എസ്.എൻ.എൽ കസ്റ്റമർ കെയർ കേന്ദ്രങ്ങളിലെത്തി നിലവിലുള്ള സിം സൗജന്യമായി ഫോർ ജി ആക്കണം.
ബാൻഡ് 1 എന്ന സ്‌പെക്ട്രത്തിലാണ് ബി.എസ്.എൻ.എൽ ഫോർ ജി തുടങ്ങാൻ പോകുന്നത്. അതിനാൽ നിലവിലുള്ള ഫോണുകൾ ഫോർ ജി അനുയോജ്യ ഫോൺ ആണോ എന്നു പരിശോധിക്കാൻ എസ്.എം.എസ് സംവിധാനവും നിലവിലുണ്ട്.
ഫോർ ജി ആരംഭിച്ചതിനു ശേഷം മുകളിൽ പറഞ്ഞ സ്ഥലങ്ങൾ ഒഴികെ മറ്റു സ്ഥലങ്ങളിൽ ത്രീജി സേവനം തുടരുന്നതാണ്. എല്ലായിടത്തും ടു ജി സേവനങ്ങളും തുടരും. ഫോർ ജി സിം ആക്കിയതിനു ശേഷം അതു ടെസ്റ്റ് ചെയ്യാനും ഫോർ ജി വേഗത പരിശോധിക്കാനും കോട്ടയം, ഏറ്റുമാനൂർ, കഞ്ഞിക്കുഴി, ഗാന്ധിനഗർ, വേളൂർ, കുമാരനല്ലൂർ, അതിരമ്പുഴ, കുറുപ്പന്തറ, കല്ലറ തുടങ്ങിയ എക്‌സ്‌ചേഞ്ചുകളിൽ ഫോർ ജി എക്‌സ്പീരിയൻസ് സെന്ററുകൾ ഒരുക്കിയിട്ടുണ്ട്.
പുതിയ കണക്ഷൻ എടുക്കുന്നവരും നിലവിലുള്ള വരിക്കാരും ഈ സൗജന്യ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.
ഫോർ ജി സംശയങ്ങൾക്ക് 04812567000 എന്ന നമ്പരിൽ വിളിക്കാം.