ചങ്ങനാശേരി : വൃദ്ധജനങ്ങളുടെ ക്ഷേമവും പരിപാലനവും ലക്ഷ്യമാക്കി പെരുന്നയിൽ പകൽ വീട് ഒരുങ്ങുന്നു. നഗരസഭയുടെ നേതൃത്വത്തിലുള്ള പകൽവീടിന്റെ നിർമാണം ആരംഭിച്ചു. പെരുന്ന മൃഗാശുപത്രി കെട്ടിടത്തിനോട് ചേർന്നാണ് കെട്ടിടം നിർമിക്കുന്നത്. ഹോമിയോ ആശുപത്രിയും ഇതിനു സമീപത്താണ്. നഗരസഭയുടെ വികസനപദ്ധതിയിൽ ഉൾപ്പെടുത്തി പ്ലാൻ ഫണ്ടിൽ നിന്ന് 30 ലക്ഷം വിനിയോഗിച്ചാണ് രണ്ടു നിലയുള്ള കെട്ടിടം നിർമ്മിക്കുന്നത്. ഫൗണ്ടേഷൻ ജോലികൾ പൂർത്തിയായി. ഗ്രൗണ്ട് ഫ്ലോറിൽ ഓഫീസ്, ഹാൾ, രണ്ട് ടോയ്‌ലെറ്റ് എന്നിവയാണ് ഒരുങ്ങുന്നത്. ആദ്യത്തെ ഫ്ലോറിൽ അടുക്കള, ലൈബ്രറി, ടിവി എന്നിവയാണ് ക്രമീകരിക്കുന്നത്.
വയോജനങ്ങൾക്ക് പകൽനേരത്ത് ഒത്തുകൂടാനുള്ള ഒരിടമായാണ് പകൽവീട് ഒരുങ്ങുന്നത്. ഭക്ഷണവും ടിവി കാണുന്നതിനുള്ള സൗകര്യവും ഉണ്ടാവും. വിശ്രമ മുറി, വായനാ സൗകര്യം, ഒന്നിച്ചിരിക്കുന്നതിനുള്ള ഹാൾ, ഓഫീസ്, അടുക്കള തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കുന്നത്. ഭക്ഷണം ക്രമീകരിക്കുന്നതിനായി സന്നദ്ധസംഘടനകളെ ഏല്പിക്കും. മേയ് മാസത്തോടെ നിർമ്മാണം പൂർത്തീകരിക്കാനാണ് തീരുമാനമെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയർ രഞ്ജി പറഞ്ഞു. പകൽ വീട് പ്രവർത്തനം ആരംഭിച്ച ശേഷം മറ്റ് പദ്ധതികൾ പെൻഷണേഴ്‌സുമായി ആലോചിച്ച ശേഷം ആവിഷ്‌കരിക്കുമെന്ന് നഗരസഭ ചെയർമാൻ ലാലിച്ചൻ ആന്റണി പറഞ്ഞു.