vetirnry-1

ചങ്ങനാശേരി: നഗരസഭയുടെ കീഴിൽ പുതിയ മൃഗാശുപത്രി കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചു.

പെരുന്നയിലെ നിലവിലുള്ള കെട്ടിടത്തിനു സമീപത്താണ് പുതിയത് നിർമിക്കുന്നത്. നഗരസഭയുടെ വികസന ഫണ്ടിൽ ഉൾപ്പെടുത്തി 25 ലക്ഷം ചെലവഴിച്ചാണ് നിർമ്മാണം. ഫൗണ്ടേഷൻ ജോലികൾ പൂർത്തിയായി. ഇവിടെ രണ്ട് ഡോക്ടർമാരുടെ സേവനം ലഭിക്കും. മരുന്നുകളുടെയും മറ്റു സാധനങ്ങളുടെയും ശേഖരണകേന്ദ്രം, ഡോക്ടർക്കുള്ള മുറി, വിശ്രമിക്കാനും മൃഗങ്ങളെ കെട്ടാനുമുള്ള സൗകര്യം, മൃഗങ്ങളെ പരിശോധിക്കുന്നതിനുള്ള മുറി, ശുചിമുറി, നടുമുറ്റം തുടങ്ങിയവയാണു പുതിയ കെട്ടിടത്തിൽ ക്രമീകരിച്ചിരിക്കുന്നത്. നിലവിലെ മൃഗാശുപത്രിയിൽ ഇത്തരം സൗകര്യങ്ങൾ ഫലപ്രദമല്ല. സൗകര്യങ്ങൾ പരിമിതമായ കെട്ടിടത്തിലാണു മൃഗാശുപത്രി പ്രവർത്തിച്ചിരുന്നത്. പുതിയ കെട്ടിടം മേയ് മാസത്തിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.