ഉദ്യോഗസ്ഥർക്ക് പരിശീലനം തുടങ്ങി, എല്ലാ ബൂത്തിലും വി.വി പാറ്റ്
കോട്ടയം: തീയതി പ്രഖ്യാപിച്ചില്ലെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിനെ വരവേല്ക്കാനുള്ള ഒരുക്കത്തിലാണ് ജില്ലാ ഇലക്ഷൻ വിഭാഗം. എല്ലാ ബൂത്തുകളിലും വി.വി.പാറ്റ് സംവിധാനം നടപ്പാക്കുന്ന ആദ്യ തിരഞ്ഞെടുപ്പെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. ഉദ്യോഗസ്ഥർക്കുള്ള പരിശീലനവും ആരംഭിച്ചു. തിരഞ്ഞെടുപ്പിന് 120 ദിവസംമുൻപേ ഒരുക്കങ്ങൾ തുടങ്ങണമെന്ന മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശത്തെ തുടർന്നാണ് പരിശീലനം അടക്കം തുടങ്ങിയത്. കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ഒരാഴ്ച മുൻപ് വരെ അപ്ഡേഷൻ നടത്താം. ജില്ലയിൽ 9 നിയമസഭാ നിയോജകമണ്ഡലങ്ങളിലായി മൂന്ന് പാർലമെന്റ് മണ്ഡലങ്ങളാണുള്ളത്. കോട്ടയം മണ്ഡലം പൂർണമായും, മാവേലിക്കര, പത്തനംതിട്ട മണ്ഡലങ്ങൾ ഭാഗികമായും കോട്ടയം ജില്ലയിൽ ഉൾപ്പെടുന്നുണ്ട്. വി.വി.പാറ്റ് സംവിധാനം നടപ്പാക്കുന്നതോടെ ആർക്ക് വോട്ട് ചെയ്തെന്നുള്ള വിവരം പ്രിന്റ് ചെയ്ത് ലഭിക്കും.
1564 ബൂത്തുകൾ
ജില്ലയിൽ 1564 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുക. ബൂത്തുകൾക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടോയെന്ന പരിശോധനയും പുരോഗമിക്കുന്നുണ്ട്. വികലാംഗർക്ക് കയറാനായി റാമ്പിന് പുറമെ, ശൗചാലയം അടക്കമുള്ള സൗകര്യങ്ങളും ഒരുക്കണം. ആകെ 2431 ബാലറ്റ് യൂണിറ്റുകളാണ് ജില്ലയ്ക്ക് അനുവദിച്ചിരിക്കുന്നത്. ഗുജറാത്തിലെ നർമദ ജില്ലയിൽ ഉപയോഗിച്ച ബാലറ്റ് യൂണിറ്റാണിത്. 1956 കൺട്രോൾ യൂണിറ്റും 2163 വി.വി.പാറ്റും പാലായിലും ഏറ്റുമാനൂരുമായാണ് സൂക്ഷിച്ചിരിക്കുന്നത്. ഇലക്ട്രോണിക്സ് കോർപറേനാണ് മെഷീനുകൾ പരിശോധിക്കുക.
വികലാംഗരെ വീട്ടിൽ വന്ന് കൊണ്ടുപോകും
വികലാംഗ വോട്ടർമാർക്ക് പ്രത്യേക പരിഗണന നൽകുന്ന തിരഞ്ഞെടുപ്പ് കൂടിയാണിത്. വോട്ടേഴ്സ് ലിസ്റ്റിൽ വികലാംഗരെ പ്രത്യേകം തിരിച്ചറിയാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇവരെ നാഷണൽ സർവീസ് സ്കീം പ്രവർത്തകരുടെ സഹകരണത്തോടെ വീടുകളിൽ നിന്ന് വാഹനത്തിൽ ബൂത്തുകളിൽ എത്തിക്കും.