കോട്ടയം: വിവിധ തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 48 മണിക്കൂർ പണിമുടക്ക് ജില്ലയിൽ ജനത്തെ വലച്ചു. ബലമായി കട അടപ്പിക്കില്ലെന്ന നിലപാട് സ്വീകരിച്ചിരുന്നതിനാൽ ഭൂരിഭാഗം കടകളും രാവിലെ 11ന് ശേഷം തുറന്നു. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളും ഓട്ടോ - ടാക്‌സി വാഹനങ്ങളും സ‌ർവീസ് നടത്തിയില്ല. കെ.എസ്.ആർ.ടി.സി പമ്പ സർവീസ് മാത്രമാണ് നടത്തിയത്. സം‌യുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ പണിമുടക്കിന്റെ ഭാഗമായി ഇന്നലെ പുലർച്ചെ അഞ്ചോടെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ മലബാർ എക്‌സ് പ്രസ് തടഞ്ഞു. ഇതോടെ ട്രെയിൻ ഗതാഗതവും ഭാഗികമായി തടസപ്പെട്ടു. ഇന്ന് രാവിലെ 10 ന് ട്രെയിൻ തടയുമെന്ന് സംയുക്ത തൊഴിലാളി സംഘടനാ നേതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഓഫിസുകൾ കാലി, സ്‌കൂളുകൾ അടഞ്ഞു

കളക്‌ടറേറ്റ് അടക്കമുള്ള ജില്ലയിലെ 90 ശതമാനം സർക്കാർ ഓഫീസുകളും അടഞ്ഞു കിടക്കുകയായിരുന്നു. പലയിടത്തും വാതിൽ തുറക്കാൻ പോലും സാധിച്ചില്ല. കളക്‌ടറേറ്റിൽ 99 ശതമാനം ജീവനക്കാരും ജോലിക്ക് എത്തിയില്ല. സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഡിസാസ്റ്റർ മാനേജ്‌മെൻ്റ്, ഡിവൈ.എസ്.പി ഓഫീസ്, എക്‌സൈസ് ഓഫീസ് എന്നിവിടങ്ങളിൽ മാത്രമാണ് ജീവനക്കാരുണ്ടായിരുന്നത്. ചില ഓഫീസുകളിൽ ഒന്നോ രണ്ടോ ജീവനക്കാർ എത്തിയെങ്കിലും ഉച്ചയോടെ മടങ്ങി. 27 സ്‌കൂളുകൾ മാത്രമാണ് ജില്ലയിലെ വിവിധ മേഖലകളിലായി തുറന്ന് പ്രവർത്തിച്ചത്.

രാത്രി തന്നെ ഓട്ടം നിറുത്തി

48 മണിക്കൂർ പണിമുടക്ക് തുടങ്ങിയ തിങ്കളാഴ്‌ച അർദ്ധരാത്രി തന്നെ കെ.എസ്.ആ‌ർ.ടി.സി സർവീസ് അവസാനിപ്പിച്ചു. ഒരു വിഭാഗം ജീവനക്കാ‌ർ എത്തിയെങ്കിലും യാത്രക്കാരില്ലെന്ന കാരണം പറഞ്ഞ് സ‌ർവീസുകൾ മുടക്കി. 35 പമ്പ സർവീസുകളാണ് കെ.എസ്.ആർ.ടി.സി ജില്ലയിൽ നിന്നു നടത്തിയത്. എരുമേലിയിൽ നിന്ന് ഓരോ മണിക്കൂർ ഇടവിട്ട് പമ്പ സർവീസുണ്ടായിരുന്നു. ജില്ലയിലെ 1200 സ്വകാര്യ ബസ് ജീവനക്കാരും പണിമുടക്കിൽ പങ്കെടുത്തു.

ആശ്വാസമായി ഹോട്ടലുകൾ

2019 ഹർത്താൽ വിരുദ്ധ വർഷമായി ആചരിക്കുന്ന വ്യാപാരി വ്യവസായി ഏകോപന സമിതി കടകൾ തുറന്നു പ്രവർത്തിച്ചു. ഹോട്ടലുകളും തുറന്ന് പ്രവർത്തിച്ചതും ജനത്തിന് ആശ്വാസമായി. വാഹനങ്ങൾ ഇല്ലാത്തതിനാൽ ആളുകൾ നന്നേ കുറവായിരുന്നു. പലരും ഉച്ചയോടെ തന്നെ കടഅടച്ചു.

പെട്രോൾ പമ്പുകൾ തുറന്നു

ജില്ലയിലെ പെട്രോൾ പമ്പുകൾ അടച്ചിടുമെന്ന് ഡീലർമാ‌ർ പ്രഖ്യാപിച്ചിരുന്നെങ്കിലും മിക്ക പമ്പുകളും തുറന്ന് പ്രവർത്തിച്ചു. തിങ്കളാഴ്‌ച അർദ്ധരാത്രി വരെ പമ്പുകളിൽ വൻ തിരക്കായിരുന്നു. പതിവിന് വിപരീതമായി ജില്ലയിലെ മിക്ക തിയേറ്ററുകളിലും ഇന്നലെ പ്രദർശനവുമുണ്ടായിരുന്നു.