പാമ്പാടി : പഞ്ചായത്തിലെ ആറാംവാർഡിലുള്ള
പറിച്ചമുണ്ടി മേഖലയിൽ കുടിവെള്ളം ലഭിക്കുന്നില്ലെന്ന് പരാതി. പലവീടുകളിലെയും സ്ത്രീകൾ ദീർഘ ദൂരം എത്തിയാണ് വെള്ളം ശേഖരിക്കുന്നത് . ഭൂരിപക്ഷം കുടുംബങ്ങളും പണം മുടക്കി ടാങ്കറുകളിൽ വെള്ളം ശേഖരിക്കേണ്ട സ്ഥിതിയാണ്. നിലവിലെ
പദ്ധതി മുടങ്ങിയിട്ട് രണ്ടു വർഷം കഴിയുന്നു. 1998 ൽ പാമ്പാടിഗ്രാമപഞ്ചായത്ത് പറിച്ചമുണ്ടിയിൽ ജനകീയസമിതിയുടെ പിന്തുണയോടെ കുടിവെള്ളപദ്ധതിക്കു തുടക്കം കുറിച്ചിരുന്നു. ഇവിടെയുള്ള അറുപതോളം കുടുംബങ്ങൾക്ക് വെള്ളം ലഭ്യമാക്കുന്നതിനായി കൂരോപ്പട പഞ്ചായത്തിൽ കുളം നിർമിക്കുന്നതിനായി സ്ഥലവും വാങ്ങി. പഞ്ചായത്ത് ഫണ്ടിൽ നിന്നും കുളം കുഴിക്കുന്നതിനും പദ്ധതിക്കുമായി ബാക്കി തുകയും നൽകി. തുടർന്ന് 50 രൂപ നിരക്കിൽ പ്രദേശ വാസികൾക്ക് കുടിവെള്ളം എത്തിച്ചിരുന്നു. കുടിവെള്ളം പമ്പു ചെയ്തിരുന്ന ടാങ്ക് നശിച്ചതോടെയാണ് പദ്ധതി മുടങ്ങിയത്. കഴിഞ്ഞ വർഷം ടാങ്ക് സ്ഥാപിക്കുന്നതിനായി ഏഴുലക്ഷം രൂപ അനുവദിച്ചെങ്കിലും ടാങ്ക് സ്ഥാപിക്കുന്നതിനുള്ള സൗകര്യം ഇല്ലാത്തതിനാൽ തുക നഷ്ടമായി
പഞ്ചായത്തിന്റെ അനാസ്ഥ കൊണ്ടും ജനങ്ങളുടെ പങ്കാളിത്തക്കുറവും കാരണം ധാരാളം ജലം ലഭിക്കുന്ന കുളവും പമ്പ്ഹൗസ് ഉൾപ്പെടെയുള്ള സൗകര്യങ്ങളും നശിക്കുകയാണ് . കടുത്ത വേനലിനു മുൻപ് നവീകരണം നടപ്പായാൽ പ്രദേശത്തെ ജനങ്ങൾക്ക് ഏറെ സഹായകമാകും .
കുടിവെള്ള വിതരണത്തിനുള്ള സർക്കാർ ഉത്തരവ് ലഭിക്കാതെ മേഖലയിൽ പഞ്ചായത്തിന് കുടിവെള്ളം വിതരണം ചെയ്യാനാകില്ല.
മാത്തച്ചൻ പാമ്പാടി , പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ്
ടാങ്ക് വയ്ക്കുന്നതിനായി സ്വകാര്യ വ്യക്തി നൽകിയ ഒരു സെന്റ് സ്ഥലത്ത് ടാങ്ക് വയ്ക്കാൻ പ്രദേശവാസികൾ സഹകരിക്കാത്തതിനാലാണ് പദ്ധതിത്തുക നഷ്ടപ്പെട്ടെത്
ഷേർലി തര്യൻ വാർഡ് മെമ്പർ