ചങ്ങനാശേരി: ഭൂഗർഭ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതോടെ താലൂക്കിലെ ഉയർന്ന പ്രദേശങ്ങൾ കടുത്ത ജലക്ഷാമത്തിലേയ്ക്ക് നീങ്ങുന്നു. മാടപ്പള്ളി,തൃക്കൊടിത്താനം, പായിപ്പാട്,കുറിച്ചി പഞ്ചായത്തുകളിലാണ് ഭൂഗർഭ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നത്.
മഴ മാറി ചൂടു കൂടിയതോടെ താലൂക്കിലെ കൈത്തോടുകളും വറ്റിത്തുടങ്ങി. ഇതോടെയാണ് കുടിവെള്ളക്ഷാമം രൂക്ഷമായത്.
ഗ്രാമങ്ങളിൽ നടപ്പാക്കിയിട്ടുള്ള കുടിവെള്ള പദ്ധതികൾക്ക് നിലവിലെ സാഹചര്യം തരണം ചെയ്യാനാകുന്നില്ല.
ചില പഞ്ചായത്തുകളിൽ ചെറുകിട ജലപദ്ധതികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും മെച്ചപ്പെട്ട രീതിയിലല്ല ഇവയുടെ പ്രവർത്തനമെന്ന് ആരോപണവും ഉയർന്നിട്ടുണ്ട്. ജല അതോറിട്ടിയുടെ പൈപ്പുകൾ പല പ്രദേശങ്ങളിലും പൊട്ടി വെള്ളം പാഴാവുന്നതും ജലക്ഷാമത്തിന് കാരണമാകുന്നു.
റോഡിലെ പൊതുടാപ്പുകളിൽ അറ്റകുറ്റപ്പണി നടത്താത്തതും പ്രശ്നമാണ്.
ജലക്ഷാമം പരിഹരിക്കാൻ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. പ്രദേശത്തെ അനധികൃത മണ്ണെടുപ്പും വയൽ നികത്തലുമാണ് കുടിവെള്ളക്ഷാമം വർദ്ധിപ്പിച്ചത്.
പൊതുകുളങ്ങളും ജലാശയങ്ങളും നിർമിച്ച് ജലശേഖരണത്തിന് കൂടുതൽ പദ്ധതികൾ ആവിഷ്‌കരിക്കാൻ അധികൃതരും തയാറായിട്ടില്ല. പകൽ സമയത്തെ കനത്ത ചൂടും രാത്രിയിലെ കൊടും തണുപ്പും ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്.
കർഷകരും പ്രതി സന്ധിയിൽ
വേൽൽച്ചൂട് കൂടിയതും ജലക്ഷാമം രൂക്ഷമായതും കൃഷിയെ സാരമായി ബാധിച്ചു.നെൽക്കൃഷിക്കാർക്ക് പാടങ്ങളിലേയ്ക്ക് ആവശ്യത്തിന് വെള്ളമെത്തിനാകുന്നില്ല. ഇത് കൃഷിക്ക് ഒട്ടും അനിയോജ്യമല്ല.
പരക്കെ വാഴ കൃഷി ചെയ്ത കർഷകർക്കും വരൾച്ച പ്രശ്നമാണ്.നന കിട്ടാതെ വാഴകൾ ഒടിഞ്ഞു വീഴുന്ന അവസ്ഥയാണ്.