oil

കോട്ടയം: തേങ്ങ ഉത്‌പാദനം കുറഞ്ഞതോടെ സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിപ്പ് തുടങ്ങി. തമിഴ്‌നാട്ടിൽ നിന്നുള്ള തേങ്ങ വരവ് കുറഞ്ഞതും കൊപ്ര വില കൂടിയതും വെളിച്ചെണ്ണ വില വർദ്ധനയ്ക്ക് വളമാകുന്നുണ്ട്. തൃശൂരിൽ നിന്നുള്ള ലൂസ് വെളിച്ചെണ്ണയ്ക്ക് വില കിലോയ്ക്ക് 200 രൂപയാണ്. ബ്രാൻഡഡ് വെളിച്ചെണ്ണയ്ക്ക് വില 220 രൂപ മുതലാണ് ആരംഭിക്കുന്നത്.

വിപണി വില വർദ്ധിക്കുന്നതിന് ആനുപാതികമായി ബ്രാൻഡഡ് വിലയും കൂടുകയാണ്. 160-170 രൂപ വരെ താഴ്‌ന്ന വെളിച്ചണ്ണ വിലയാണ് തേങ്ങാ ക്ഷാമത്തിന്റെ പശ്‌ചാത്തലത്തിൽ കുതിച്ചുയരുന്നത്. 35 രൂപ വരെ താഴ്‌ന്ന തേങ്ങയ്ക്ക് ഇപ്പോൾ വില 40-50 രൂപയാണ്. ശബരിമല സീസൺ തുടങ്ങുമ്പോഴാണ് സാധാരണ തേങ്ങവില കൂടുന്നത്. എന്നാൽ, ഇക്കുറി സീസൺ സമാപനത്തിലേക്ക് കടക്കുമ്പോഴാണ് വിലക്കുതിപ്പ്. വെളിച്ചെണ്ണ വില വർദ്ധിച്ച സാഹചര്യത്തിൽ തമിഴ്‌നാട്ടിൽ നിന്ന് 'വ്യാജൻ" വൻതോതിൽ കേരളത്തിലേക്ക് ഒഴുകുമെന്ന ആശങ്ക ശക്തമാണ്.

കഴിഞ്ഞ മേയ് 31ന് 45 ബ്രാൻഡും ജൂൺ 30ന് 51 ബ്രാൻഡും ഡിസംബർ 18ന് 74 ബ്രാൻഡും വ്യാജ വെളിച്ചെണ്ണ ഭക്ഷ്യസുരക്ഷാ കമ്മിഷണർ നിരോധിച്ചിരുന്നു. ഇവ മറ്റു പേരുകളിൽ വീണ്ടും വിപണിയിലെത്തുന്നത് തടയാൻ നടപടികളായിട്ടില്ല. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കേരഫെഡിന്റെ 'കേര" എന്ന ബ്രാൻഡ് നാമവുമായി സാമ്യമുള്ള മറ്ര് ഒട്ടേറെ ബ്രാൻഡുകൾ ഇപ്പോൾ വിപണിയിലുണ്ട്.