kavinpuram

പാലാ : ആചാരപ്പെരുമയിൽ ആലങ്ങാട്ട് സംഘം ശബരിമല യാത്രാമദ്ധ്യേ ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വരക്ഷേത്രത്തിൽ കാണിക്കിഴി സമർപ്പിച്ചു. ഇന്നലെ രാവിലെ 9 ഓടെ അയ്യപ്പചൈതന്യം ആവാഹിച്ച ഗോളകയേന്തിയ രഥവുമായാണ് സംഘമെത്തിയത്. ക്ഷേത്രത്തിലെത്തിയ സംഘത്തെ മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി കർപ്പൂരാരതിയോടെ വരവേറ്റു. തുടർന്ന് യോഗപ്പെരിയോൻ അമ്പാടത്ത് എ.കെ വിജയകുമാർ, വെളിച്ചപ്പാട്‌ ദേവദാസ് കുറ്റിപ്പുഴ,യോഗപ്രതിനിധി എം.എൻ. രാജപ്പൻ നായർ എന്നിവരുടെ നേതൃത്വത്തിൽ സംഘം ശരണം വിളികളോടെ ക്ഷേത്ര ശ്രീകോവിലിന് മൂന്നുതവണ പ്രദക്ഷിണം വച്ച് തിരുനടയിൽ കാണിക്കിഴി സമർപ്പിച്ചു.
അയ്യപ്പചൈതന്യമുള്ള ഗോളകയ്ക്ക് മുന്നിൽ ഭക്തർ നെൽപ്പറ നിറച്ചു. എള്ളുതിരി തെളിച്ച് അയ്യപ്പന് മുന്നിൽ ഭക്തർ സ്വയം നീരാജനം ഉഴിഞ്ഞു. ശബരിമലയാത്രയ്ക്ക്‌ പോകാൻ സാധിക്കാത്തവർക്ക് അയ്യപ്പന്‌ നേരിട്ട് പൂജ ചെയ്യാൻ ലഭിക്കുന്ന അവസരമാണ് കാവിൻപുറത്തെ നീരാജനം ഉഴിയൽ. കാണിക്കിഴി സമർപ്പണത്തിന്‌ ശേഷംക്ഷേത്രം ഓഡിറ്റോറിയത്തിൽ 'ആലങ്ങാട്ട് പ്രാതൽ ' നടന്നു. ദേവസ്വം ഭാരവാഹികളായ ടി.എൻ. സുകുമാരൻ നായർ, ഭാസ്‌കരൻ നായർ കൊടുംകയം, ത്രിവിക്രമൻ തെങ്ങുംപിള്ളിൽ, സുരേഷ് ലക്ഷ്മി നിവാസ്, പി.എസ്.ശശിധരൻ എന്നിവർ ചേർന്നാണ് ആലങ്ങാട്ട് സംഘത്തെ സ്വീകരിച്ചത്. പയപ്പാർ ശ്രീധർമ്മ ശാസ്താക്ഷേത്രം, നെച്ചിപ്പുഴൂർ ചിറക്കരക്കാവ് ഭഗവതിക്ഷേത്രം, പോണാട് ഭഗവതിക്ഷേത്രം, ളാലം, കിഴതടിയൂർ, മുരിക്കുംപുഴ, ഇടയാറ്റ്, മീനച്ചിൽ, പൂവരണി, പൈകക്ഷേത്രങ്ങളിലും സംഘം ദർശനം നടത്തി.