വൈക്കം: തണ്ണീർമുക്കം ബണ്ടിലെ ഷട്ടറുകളിലെ ചോർച്ചയെ തുടർന്ന് ഓരുവെള്ളം കയറുന്നത് അപ്പർകുട്ടനാട്ടിലെ നെൽകൃഷിയും ഇടവിളകളും നശിക്കുമെന്ന ആശങ്ക ഉയരുന്നു. ലവണാംശം രണ്ടിൽ താഴെയെത്തിയതിനെ തുടർന്ന് അപ്പർകുട്ടനാടൻ കാർഷിക വികസന സമിതിയുടെ നേതൃത്വത്തിൽ തണ്ണീർമുക്കം കെ.ഡി ഡിവിഷൻ എക്‌സിക്യുട്ടീവ് എൻജിനിയറുടെ കാര്യാലയം കർഷകർ ഉപരോധിച്ചു. തണ്ണീർമുക്കം ബണ്ടിലെ പഴയ രണ്ടു പാലങ്ങളിലായി 20 ഷട്ടറുകൾക്കും പുതിയ പാലത്തിലെ മൂന്നു ഷട്ടറുകൾക്കും ചോർച്ചയുള്ളതായി കർഷകർ ആരോപിച്ചു.
വെച്ചൂർ, തലയാഴം, കല്ലറ, കുമരകം, നീണ്ടൂർ, ആർപ്പൂക്കര, അയ്മനം, തിരുവാർപ്പ്, തുടങ്ങിയ പഞ്ചായത്തുകളിൽ നിന്നായി നൂറുകണക്കിന് കർഷകരാണ് ഉപരോധസമരത്തിൽ പങ്കെടുത്തത്. ബണ്ടിലെ ഷട്ടർ അടക്കുന്നതിനു ചുമതലയുള്ള ജീവനക്കാരുടെ ഒത്താശയോടെ രാത്രി മത്സ്യബന്ധനം നടത്തുന്നവരാണ് അടച്ചിട്ട ഷട്ടറുകൾ ഉയർത്തി അടിയിൽ കരിങ്കല്ലു സ്ഥാപിച്ച് നീരൊഴുക്കുണ്ടാക്കുന്നതെന്ന് കർഷകർ ആരോപിച്ചു. ഷട്ടറിനു സമീപത്തേക്ക് പോളപായൽ വന്നടിയുന്നതും ഷട്ടറിനടിയിലൂടെ വെള്ളം പോകുന്നതു കൊണ്ടാണെന്നും ഇവർ പറഞ്ഞു. മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗം പരിശോധന നടത്തി മൂന്നു ദിവസത്തിനകം നടപടി സ്വീകരിക്കുമെന്ന ഉറപ്പിനെ തുടർന്നാണ് കർഷകർ സമരം അവസാനിപ്പിച്ചത്. അപ്പർകുട്ടനാടൻ കാർഷിക വികസന സമിതി സെക്രട്ടറി എം.കെ.ദിലീപ് ഉപരോധസമരം ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് പി.കെ.മോഹനൻ, എം.കെ.ഗോപി, ഗോപി, ഇ.എൻ.ദാസപ്പൻ, സി.വി.ചെറിയാൻ, പി.സി.ഇട്ടി, സി.എസ്.രാജു, പി.ജി.സുഗതകുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു.