കോട്ടയം: എരുമേലി വാവരുപള്ളി സന്ദർശിക്കുന്നതിനു സ്‌ത്രീകൾക്ക് വിലക്കില്ലെന്ന് ജമാ അത്ത് പ്രസിഡൻ്റ് പി.എച്ച് ഷാജഹാൻ പറഞ്ഞു. മസ്‌ജിദ് സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർ ആഗമന ഉദ്ദേശവും മേൽവിലാസവും ബോദ്ധ്യപ്പെടുത്തിയാൽ അനുമതി നൽകും. പ്രാർത്ഥനകൾക്കു തടസമില്ലാതെ ശരീരശുദ്ധിയോടെ സന്ദർശനം നടത്താൻ ആർക്കും അനുമതിയുണ്ട്. തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു സംഘം യുവതികൾ വാവരുപള്ളിയിൽ കയറാൻ എത്തിയപ്പോൾ കേരള അതിർത്തിയിൽ ഇവരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇതിന്‍റെ മറവിൽ ചിലർ വ്യാജ പ്രചരണം നടത്തുകയാണ്. മതമൈത്രി തകർത്ത് ലഹള സൃഷ്‌ടിക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നും ജമാ അത്ത് ആരോപിച്ചു. സംഭവം സംബന്ധിച്ചു ഡി.ജി.പിയ്ക്ക് അടക്കം പരാതി നൽകും. പള്ളിയിൽ നിന്നു സ്ത്രീകളെ കസ്റ്റഡിയിൽ എടുത്തെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് എരുമേലി പൊലീസും അറിയിച്ചു.