കോട്ടയം: സഹോദരിയുടെ ആറു വയസുള്ള മകളെ തോളിലേറ്റി കാനനപാതയിലൂടെ അയ്യനെ ദർശിക്കാൻ പോയ യുവാവ് ചിന്നംവിളിച്ചെത്തിയ കാട്ടാനയുടെ ചവിട്ടേറ്റു മരിച്ചു. തുമ്പിക്കൈയിൽ ചുറ്റിയെടുത്ത് പുൽക്കാട്ടിലേക്കു വലിച്ചെറിയപ്പെട്ട ബാലിക ദിവ്യ ചെറിയ പരിക്കോടെ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ മുക്കുഴി വെള്ളാംചെറ്റയിലെ കാനന പാതയിലാണ് സേലം പള്ളപ്പെട്ടിയിൽ ജ്ഞാനശീലത്തിന്റെ മകൻ പരമശിവം (35) ദാരുണമായി മരിച്ചത്.
കഴിഞ്ഞ രാത്രിയിൽ 28 പേരടങ്ങുന്ന അയ്യപ്പ സംഘത്തോടൊപ്പമാണ് ഇരുമുടിക്കെട്ടുമായി പരമശിവം മലകയറിയത്. സഹോദരിയുടെ മകൾ ദിവ്യയെ തോളിലേറ്റി മകൻ കൃഷ്ണയുടെ (11) കൈപിടിച്ച് പരമശിവം മുന്നിൽ നടന്നു. രാത്രിയിൽ കാനനപാതയിലൂടെയുള്ള യാത്രയ്ക്ക് നിയന്ത്രണമുണ്ടെങ്കിലും കോരുത്തോട് മുക്കുഴി അമ്പലത്തിന് സമീപത്തെ ഇടവഴിയിലൂടെ ഇവർ മുന്നോട്ട് പോയി.
കൂരിരുട്ടത്ത് ആനക്കൂട്ടം സമീപത്ത് നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടെങ്കിലും കൂട്ടത്തിലുള്ള കൊമ്പൻ പാഞ്ഞടുക്കുമെന്ന് ആരും വിചാരിച്ചില്ല. കാട്ടുകൊമ്പന്റെ അലർച്ചകേട്ട് ദിവ്യ തിരിയുമ്പോഴേക്കും ശരീരം തുമ്പിക്കൈയാൽ പൊതിഞ്ഞിരുന്നു. അകലയുള്ള പുൽക്കാട്ടിലേക്ക് വലിച്ചെറിയപ്പെടുംമുൻപെ മാമന്റെ അലറിക്കരച്ചിൽ ചെവികളിൽ മുഴങ്ങി. ഇതിനിടയിൽ മറ്റുള്ളവർക്കൊപ്പം മകൻ കൃഷ്ണയും ഓടിമാറി. അലറിക്കരഞ്ഞ ദിവ്യയെ ആന ആക്രമിക്കാതെ കടന്നുപോയി. ഒപ്പമുണ്ടായിരുന്നവർ തിരിച്ചെത്തിയപ്പോഴേക്കും പരമശിവം മരിച്ചിരുന്നു. വിവരമറിഞ്ഞെത്തിയ വനംവകുപ്പ്, പൊലീസ് ഉദ്യോഗസ്ഥർ മൃതദേഹം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ദിവ്യയുടെ കൈയ്ക്കാണ് പരിക്ക്.