ചങ്ങനാശേരി: നഗര ഗ്രാമ വ്യത്യാസമില്ലാതെ അനാരോഗ്യകരമായ ചുറ്റുപാടിൽ ഭക്ഷണം തയ്യാറാക്കുന്നവർക്കെതിരെ നടപടിയില്ല. നടപടിയെടുക്കേണ്ട ആരോഗ്യവകുപ്പ് ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്നു.
ഇത്തരം സ്ഥലങ്ങളിൽ ഓടകൾക്കു മുകളിലും റോഡുവക്കിലുമാണ് ഭക്ഷണം പാകം ചെയ്യുന്നത്.ഇവർ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണോ എന്ന് പോലുമറിയില്ല. ഇത്തരംചുറ്റുപാടിൽ കട നടത്തുന്നവർ ഭക്ഷണം പാകം ചെയ്ത് വിൽക്കരുതെന്ന് ആരോഗ്യ വകുപ്പിന്റെ കർശന നിർദ്ദേശമുണ്ടെന്നിരിക്കെ ഇതെല്ലാം കാറ്റിൽ പറത്തിയാണ് കച്ചവടം നടക്കുന്നത്. ആരോഗ്യകാര്യത്തെ കുറിച്ച് പൊതുജനങ്ങൾ ബോധവാന്മാരാണെങ്കിലും വിലക്കുറവും രുചിക്കൂടുതലും ഇവരെ പലപ്പോഴും ഇവിടേയ്ക്ക് ആകർഷിക്കുകയാണ്. ഇത്തരക്കാർ ഭക്ഷണങ്ങൾക്ക് രുചി കൂട്ടുന്നതിനായി ഉപയോഗിക്കുന്ന ചേരുവകൾ ആരോഗ്യത്തിന് ഒട്ടും യോജിച്ചതല്ല.കൂടാതെ സോഫ്റ്റ് ഡ്രിങ്കുകളിൽ ഉപയോഗിക്കുന്ന ഐസും വളരെ മോശമാണ്.മത്സ്യങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഗുണമേന്മ കുറഞ്ഞ ഐസാണ് കൂൾ ഡ്രിങ്കുകളിൽ ഉപയോഗിക്കുന്നത്. അനാരോഗ്യ ചുറ്റുപാടിൽ ആഹാരം വിളമ്പുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുത്തില്ലെങ്കിൽ മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങൾ പടർന്നേക്കുമെന്നാണ് ജനസംസാരം.