erumely

എരുമേലി : മതമൈത്രിയുടെ സന്ദേശം വിളിച്ചോതി ചരിത്ര പ്രസിദ്ധമായ എരുമേലി ചന്ദനക്കുടമഹോത്സവം ഇന്ന് നടക്കും. വൈകിട്ട് 5 ന് ജമാഅത്തും, അമ്പലപ്പുഴ പേട്ടസംഘവുമായുള്ള സൗഹൃദ സംഗമം ജമാഅത്ത് ഓഫീസിൽ നടക്കും. 6.30 ന് ജമാഅത്ത് പ്രസിഡന്റ് അഡ്വ.പി.എച്ച്.ഷാജഹാന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ചന്ദനക്കുടഘോഷയാത്രയുടെ ഉദ്ഘാടനവും, ഫ്ലാഗ് ഒഫും മന്ത്രി വി.എസ്.സുനിൽകുമാർ നിർവഹിക്കും. ആന്റോആന്റണി എം.പി, പി.സി.ജോർജ് എം.എൽ.എ, ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ, ബോർഡ് മെമ്പർ ശങ്കർദാസ്, ജില്ലാ കളക്ടർ സുധീർ ബാബു, ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ, സബ് കളക്ടർ ഈശപ്രിയ, സ്‌പെഷ്യൽ ഓഫീസർമാരായ മെറിൻ ജോസഫ്, വി.ജി.വിനോദ് കുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് കൃഷ്ണകുമാർ, ജില്ലാപഞ്ചായത്തംഗം മാഗി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ അബ്ദുൾ കരിം, വാർഡ് അംഗങ്ങളായ കെ.ആർ.അജേഷ്,ജെസ്‌ന നെജീബ്,ഫാരിസാ ജമാൽ എന്നിവർ പ്രസംഗിക്കും.

തുടർന്ന് നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ഘോഷയാത്ര ചരള സി.പടി,ചരള പള്ളി പടി,പ്രൈവറ് ബസ്സ് സ്റ്റാന്റ്,പേട്ടക്കവല,കൊച്ചമ്പലം,ചെമ്പകത്തിങ്കൽ സ്റ്റേഡിയം, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, മാർക്കറ്റ് ജംഗ്ഷൻ,വിലങ്ങുപാറ എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി പുലർച്ചെ 3 ന് എരുമേലി ജമാഅത്ത് അങ്കണത്തിൽ സമാപിക്കും. തുടർന്ന് പേട്ടതുള്ളലിനുള്ള ഒരുക്കങ്ങളായി. രാവിലെ 11 ന് സമൂഹ പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായരടങ്ങുന്ന അമ്പലപ്പുഴ സംഘം നീലാകാശത്തു കൃഷ്ണപ്പരുന്ത് വട്ടമിട്ടു പറന്നതിന് ശേഷം കൊച്ചമ്പലത്തിൽ നിന്നു ഗജവീരന്മാരുടെയും, വാദ്യമേളങ്ങളുടെയും അകമ്പടിയിൽ അയ്യപ്പന്റെ സ്വർണത്തിടമ്പേറ്റി പേട്ടതുള്ളി വാവരുപള്ളിയിലെത്തും. ജമാഅത്ത് അംഗങ്ങൾ പുഷ്പവൃഷ്ടി നടത്തി കളഭം ചാർത്തി സ്വീകരിച്ച ശേഷം വാവരുടെ പ്രതിനിധിയെയും കൂട്ടി വലിയമ്പലത്തിലേക്ക് പോകും. വാവരുടെ പ്രതിനിധിക്ക് വലിയമ്പലത്തിൽ സ്വീകരണം നൽകുന്നതോടെ അമ്പലപ്പുഴ സംഘത്തിന്റെ പേട്ട അവസാനിക്കും. പിന്നീട് ഉച്ചകഴിഞ്ഞു മൂന്നോടെ ആകാശത്തു വെള്ളിനക്ഷത്രം വെട്ടിത്തിളങ്ങുന്നത് കണ്ടാണ് ആലങ്ങാട് സംഘം പേട്ടതുള്ളുന്നത്.