കോട്ടയം: അർദ്ധരാത്രിയിൽ മതിൽ ചാടിക്കടന്നത്തിയ അക്രമി വീടിന്റെ ജനൽ അടിച്ചു തകർത്തു. കെ.എസ്.ആർ.ടി.സി ജീവനക്കാരനായ കുറിച്ചി കുറ്റിക്കാട് കെ.ആർ സതീഷിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്.
കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെയാണ് സംഭവം. വീടിന്റെ ഒരു വശത്തെ ജനൽ ചില്ല് തല്ലിപ്പൊട്ടിക്കുന്ന ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. ലൈറ്റിട്ടപ്പോഴേയ്‌ക്കും അക്രമി മതിൽ ചാടിക്കടന്ന് രക്ഷപെട്ടിരുന്നു. തുടർന്ന് ഇവർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ
അക്രമിയുടെ കൈമുറിഞ്ഞ് രക്‌തം വാർന്നൊഴുകിയ പാടുകൾ വീട്ടിലും മതിലിലും കണ്ടെത്തിയിട്ടുണ്ട്.
സതീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. സതീഷ് എസ്.എൻ.ഡി.പി യോഗം കുറിച്ചി ശങ്കരപുരം ശാഖാ കമ്മിറ്റി അംഗമാണ് .