ചങ്ങനാശേരി : അടുക്കളയിലല്ല അരങ്ങിൽ തന്നെ ജ്വലിച്ചുനിൽക്കുകയാണ് അക്ഷരശ്രീ പ്രസിലെ മഹിളാരത്‌നങ്ങൾ.
തൃക്കൊടിത്താനം പഞ്ചായത്തിന്റെ സാംസ്കാരികനിലയിത്തിൽ തലയെടുപ്പോടെ നിൽക്കുന്ന അക്ഷരശ്രീ പ്രസിനു പറയാനുള്ളത് പെൺകരുത്തിന്റെ വിജയഗാഥ. അടിസ്ഥാനവിദ്യാഭ്യാസം മാത്രമുള്ള ഗ്രാമത്തിലെ പതിനഞ്ചു മഹിളകളുടെ സ്വപ്നമാണ് അക്ഷരശ്രീ പ്രിന്റിംഗ് പ്രസ്. പതിനേഴു വർഷം പിന്നിട്ട പ്രസിലെ അംഗസംഖ്യ ഇപ്പോൾ അഞ്ചായി ചുരുങ്ങിയെങ്കിലും അംബിക കാർത്തികേയൻ, ഗീതാ ഗോപാലകൃഷ്ണൻ, ശോഭനാ ശശി എന്നിവരുടെ കൈകളിൽ
അക്ഷരശ്രീ എന്നും ഭദ്രമാണ്.
2002 മെയ്യ് 15 ന് തൃക്കൊടിത്താനം പഞ്ചായത്തിലെ പതിനാലാം വാർഡിൽ ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായാണ് അക്ഷരശ്രീ ആരംഭിച്ചത്. കുടുംബശ്രീ - അയൽക്കൂട്ടങ്ങളിലൂടെ ബൈൻഡിംഗ് വർക്ക് ചെയ്തായിരുന്നു തുടക്കം. അന്നൊക്കെ മാസം 500 രൂപയായിരുന്നു വരുമാനം. പിന്നീടാണ് പ്രിന്റിംഗ് വർക്കുകൾ ആരംഭിച്ചത്.
ജില്ലാമിഷന്റെ നേതൃത്വത്തിൽ മൂന്ന് വർഷങ്ങളിലായി എഴ് ദിവസമായിരുന്നു പരിശീലനം. സ്റ്റേറ്റ് മിഷൻ വർക്ക്, പി. എം. എ. വൈ വർക്ക് (കാസർഗോഡ് മുതൽ തിരുവന്തപുരം വരെ), നഗരസഭ, കോർപ്പറേഷൻ ഫോം വർക്ക്, ഇതുകൂടാതെ പുറത്തുനിന്നുള്ള സ്വയം സഹായസംഘം എന്നിവ കൂടാതെ പഞ്ചായത്തിന്റെ വർക്കുകളും ചെയ്യും.
2017-2018 കോട്ടയം ജില്ലയിലെ മികച്ച മൈക്രോസംരഭമായി തെരഞ്ഞെടുത്തു. അക്ഷരശ്രീ പ്രസിനെ തേടി കുടുംബശ്രീ സംസ്ഥാന മിഷന്റെ ആദരവും എത്തി. ഇത്രയും വർഷത്തെ കഠിനാധ്വാനം കൊണ്ട് സൃഷ്ടിച്ച അക്ഷരശ്രീ എന്നും ഇവിടെ ഉണ്ടാകുമെന്ന ഇവരുടെ ഉറപ്പേറിയ വാക്കുകളാണ് അക്ഷരശ്രീയുടെ ഊർജ്ജം.
താങ്ങായി കുടുംബശ്രീ
പഞ്ചായത്ത് ഫണ്ടിൽ നിന്നാണ് പ്രവർത്തനം ആരംഭിച്ചത്. കട്ടിങ്ങ് മെഷീൻ, റൂളിങ്ങ് മെഷീൻ എന്നിവ പഞ്ചായത്ത് നല്കി. പിന്നീട് ഇത് കുടുംബശ്രീയുമായി ലിങ്ക് ചെയ്തു. തൃക്കൊടിത്താനം സി.ഡി.എസിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. കുടുംബശ്രീ വഴി രണ്ടര ലക്ഷം രൂപ സെൻട്രൽ ഗവൺമെന്റിൽ നിന്നും ലോണെടുത്താണ് ലാമിനേഷൻ മെഷീൻവാങ്ങിയത്.
സ്റ്റിച്ചിങ്, കട്ടിങ്, റൂളിങ്, പ്രിന്റിങ്, പ്രൊപ്പറൈറ്റിങ് തുടങ്ങിയ മെഷീനുകൾ ഇവിടെയുണ്ട്. സെൻട്രൽ ബാങ്കിൽ നിന്നുള്ള വായ്പയിലൂടെയാണ് പ്രവർത്തനം മുന്നോട്ടുപോകുന്നത്. നിരവധി ഒാർഡറുകൾ ഇവരെ തേടിയെത്തുന്നുണ്ട്.