തലയോലപ്പറമ്പ് : തലയോലപ്പറമ്പും സമീപ പ്രദേശങ്ങളും തെരുവുനായ്ക്കൾ കീഴടക്കിയതോടെ ജനം ഭീതിയിൽ. കഴിഞ്ഞ 6 മാസത്തിനിടയിൽ 18 പേരാണ് നായ്ക്കളുടെ ആക്രമണത്തിനിരയായത്. തെരുവുനായ്ക്കൾ കുറുകെ ചാടി ഉണ്ടായ അപകടത്തിൽ 30 ഓളം ഇരുചക്രവാഹനയാത്രക്കാർക്ക് പരിക്കേറ്റു. കഴിഞ്ഞദിവസം വടയാർ ജംഗ്ഷന് സമീപം നായ ബൈക്കിന് കുറുകെ ചാടിയതിനെ തുടർന്ന് തലയോലപ്പറമ്പ് തിരുപുരംക്ഷേത്രത്തിന് സമീപം താമസിക്കുന്ന അജ്മൽ (21) പരിക്കേറ്റതാണ് ഒടുവിലത്തെ സംഭവം.
രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നൂറ് കണക്കിന് നായ്ക്കളാണ് അലഞ്ഞ് നടക്കുന്നത്. കൂട്ടത്തോടെ വരുന്ന നായ്ക്കൾ ആക്രമിക്കാൻ മുതിരുന്നതാണ് വഴിയാത്രക്കാരെ ഭയപ്പെടുത്തുന്നത്. പുലർച്ചെ പള്ളിയിലേക്കും ക്ഷേത്രങ്ങളിലേക്കും പോകുന്നവർക്കും പ്രഭാത സവാരിക്കിറങ്ങുന്നവർക്കും നേരെ നായയുടെ ആക്രമണം പതിവായി. സ്‌കൂൾ പരിസരങ്ങളിൽ നായ്ക്കൾ കൂട്ടം കൂടി നിൽക്കുന്നത് വിദ്യാർത്ഥികൾക്കും ഭീഷണിയാണ്. വഴിയരികിൽ ഉൾപ്പടെ മാലിന്യം തള്ളുന്നതാണ് നായ്ക്കൾ പെരുകാൻ കാരണമെന്നാണ് ആക്ഷപം. തെരുവ് നായ്ക്കളെ വന്ധ്യംകരിക്കാനുള്ള നടപടികൾ പഞ്ചായത്തിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നായ ശല്യം ഇവിടെ രൂക്ഷം
തലയോലപ്പറമ്പ് ടൗൺ
ബസ് സ്റ്റാൻഡ്
പൊലീസ് സ്റ്റേഷൻ പരിസരം
കെ.ആർ.ഓഡിറ്റോറിയം
പള്ളിക്കവല, തലപ്പാറ
വെട്ടിക്കാട്ട്മുക്ക്, പൊതി
മത്സ്യമാർക്കറ്റ്, പാലാംകടവ്
കടിയേറ്റാൽ മെഡി.കോളേജിൽ പോകണം
തെരുവുനായ്ക്കളുടെ അക്രമണത്തിനിരയാകുന്നവർക്ക് കുത്തിവയ്ക്കുന്നതിനുള്ള മരുന്ന് തലയോലപ്പറമ്പ് സാമൂഹികാരോഗ്യകേന്ദ്രത്തിലും, വൈക്കം താലൂക്ക് ആശുപത്രിയിലും ലഭ്യമല്ലാത്തതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്കാണ് പറഞ്ഞയക്കുന്നത്. ആനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാം പ്രകാരം തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിന് വൈക്കത്ത് തോട്ടുവക്കം , കാഞ്ഞിരപ്പള്ളി, പരിയാരം, കടനാട്, വാഴൂർ എന്നിങ്ങനെ അഞ്ച് സെന്ററുകളാണ് ജില്ലയിലുള്ളത്. വൈക്കത്തെ സെന്റർ കഴിഞ്ഞ 6 മാസമായി പ്രവർത്തിക്കുന്നില്ല.
ആനിമൽ ബെർത്ത് കൺട്രോൾ പ്രോഗ്രാം പ്രകാരം പദ്ധതി വിഹിതമായി ഗ്രാമപഞ്ചായത്ത് രണ്ടുലക്ഷം രൂപ ജില്ലാപഞ്ചായത്തിൽ അടച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിച്ചിട്ടും നടപടി ഉണ്ടായിട്ടില്ല.
വി.ജിമോഹനൻ (പഞ്ചായത്ത് പ്രസിഡന്റ് തലയോലപ്പറമ്പ്)
6 മാസം: കടിയേറ്റത് 18 പേർക്ക്
പരിക്കേറ്റ ഇരുചക്രവാഹനയാത്രക്കാർ : 30