കോട്ടയം: വെളിച്ചെണ്ണ വില കുതിച്ചുയരുന്നതിനൊപ്പം മായം കലർന്ന എണ്ണയും പേരു മാറ്റി ബ്രാൻഡഡ് ആയി വിപണി കീഴടക്കുന്നു .തൃശൂരിൽ നിന്നെത്തുന്ന ലൂസ് വെളിച്ചെണ്ണ(പായ്ക്കററ് അല്ലാത്തത്) വില കിലോയ്ക്ക് 200 രൂപ കടന്നു. ഇതോടെയാണ് വ്യാജൻ വീണ്ടും പേരു മാറ്റി വിപണിയിൽ എത്തുന്നത്. തമിഴ്നാട്ടിലെ കാങ്കയത്തു നിന്ന് എത്തുന്ന കൃത്രിമ വെളിച്ചെണ്ണ അതിർത്തി കടന്ന് മിക്സിംഗ് യൂണിറ്റുകളിൽ എത്തി. പ്രമുഖ ബ്രാൻഡുകളുടെ പേരിനോട് സാമ്യമുള്ള പേരുകളിൽ രൂപ മാറ്റത്തോടെ ഇറക്കുന്നത്.
സംസ്ഥാന സർക്കാർ ഉടമമസ്ഥതയിലുള്ള കേരഫെഡിന്റെ കേര എന്ന പേരിനൊപ്പം മറ്റു പേരുകൾ ചേർത്ത് ഒരു ഡസനോളം ബ്രാൻഡുകൾ വിപണിയിലുണ്ട്. ഇടയ്ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചതോടെ പേരു മാറ്റി കൃത്രിമവെളിച്ചെണ്ണ മറ്റു ബ്രാൻഡുകളിലിറങ്ങും. 20 ശതമാനം വെളിച്ചെണ്ണയും 80 ശതമാനം മാറാ രോഗങ്ങൾക്കു സാദ്ധ്യതയുള്ള വിഷ വസ്തുക്കളുമാണ് .കൃത്രിമവെളിച്ചെണ്ണയിൽ ഉള്ളതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ പറയുമ്പോഴും പേരു മാറ്റി റീ പായ്ക്കറ്റിലെത്തുന്ന വ്യാജനെ തടയാൻ കഴിയുന്നില്ല .
2018 മേയ് 31ന് 45 ബ്രാൻഡും ജൂൺ 30ന് 51 ബ്രാൻഡും ഡിസംബർ 18ന് 74 ബ്രാൻഡ് വെളിച്ചെണ്ണയും ഭക്ഷ്യസുരക്ഷാ കമ്മീഷണർ നിരോധിച്ചു. ഇവയുടെ ഉത്പാദനം, സംഭരണം, വിതരണം. വിിൽപ്പന എന്നിവ തടഞ്ഞിരുന്നു . വീണ്ടും മറ്റു പേരുകളിൽ ഇവ ഇറക്കുന്നത് തടയാൻ കഴിയുന്നില്ല . ഇടയ്ക്ക് നിരോധനവും വീണ്ടും മറ്റൊരു പേരിൽ അത് തന്നെ വിൽപ്പനയ്ക്ക് എത്തിയിട്ടും തടയാൻ കഴിയുന്നില്ല. ലിറ്ററിന് 220 രൂപ മുതലാണ് ബ്രാൻഡഡ് വെളിച്ചെണ്ണയുടെ കുറഞ്ഞ വില .വിപണി വില വർദ്ധിക്കുന്നതനുസരിച്ച് ബ്രാൻഡഡ് വിലയും ഉയർത്തും.
വെളിച്ചെണ്ണ വില നേരത്തേ 170 വരെ താഴ്ന്നിരുന്നു. നാളികേര വില കിലോയ്ക്ക് 35 രൂപയിൽ എത്തിയിരുന്നു. തമിഴ്നാട്ടിൽ ഉത്പാദനം കുറഞ്ഞ് തേങ്ങയുടെ വരവ് കുറഞ്ഞതും കൊപ്ര വില ഉയർന്നതുമാണ് വെളിച്ചെണ്ണ വില ഉയരാൻ കാരണമായി പറയുന്നത്. വെളിച്ചെണ്ണ ചില്ലറ വില 200 കടന്നതോടെ പാമോയിൽ .തവിടെണ്ണ വിലയും പത്ത് രൂപ വർദ്ധിച്ചു. തേങ്ങവിലയും കിലോയ്ക്ക് 40 -50 രൂപയിലേക്കുയർന്നു. സാധാരണ ശബരിമല സീസണിലാണ് തേങ്ങവില ഉയരുക . സീസൺ അവസാനിക്കാറായപ്പോഴാണ് ഇക്കുറി വില വർദ്ധനവ് .