കോട്ടയം: നിർദ്ദിഷ്‌ട മൊബിലിറ്റി ഹബിനായി കണ്ടെത്തിയ ഭൂമിയിലെ 150 ഏക്കറിൽ കൂടി കർഷകർ കൃഷിയിറക്കുന്നു. ഈരയിൽക്കടവ് ബൈപ്പാസിന്റെ കിഴക്കുവശത്തെ തുരുത്തുമ്മേൽ, പൂഴിക്കുന്ന് പാടശേഖരത്തിലാണ് കർഷകർ വിത്തിറക്കുന്നത്. 25 വർഷം തരിശിട്ട് പാടങ്ങളിൽ ജോലികൾ പുരോഗമിക്കുകയാണ്. ഇതോടെ ഈരയിൽക്കടവ് ബൈപ്പാസിന്റെ കിഴക്കുവശത്തെ പാടശേഖരങ്ങളിൽ കൃഷിയിറങ്ങും.
നേരത്തേ ഈരയിൽക്കടവ് പാലത്തിനു താഴെയുള്ള മുപ്പായിക്കാട് പാടശേഖരത്തിലെ 150 ഏക്കറിൽ കൃഷിയിറക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കർഷക കൂട്ടായ്‌മ രംഗത്തിറങ്ങുന്നത്.
മീനച്ചിലാർ, മീനന്തറയാർ - കൊടൂരാർ നദീസംയോജന പദ്ധതി പ്രകാരമാണ് ഈ പാടശേഖരങ്ങളും കൃഷിക്കായി ഒരുക്കുന്നത്. കാൽനൂറ്റാണ്ടായി തരിശിട്ട പാടങ്ങൾ പൂർണമായും പുല്ലിൽ മുങ്ങി. ഈ പാടങ്ങളിൽ ആറ് ജെ.സി.ബി ഉപയോഗിച്ചാണ് പുല്ലും പോളയും നീക്കുന്നത്. രണ്ടാഴ്‌ചയിലേറെയായി ജോലികൾ ആരംഭിച്ചിട്ട്. പൂഴിക്കുന്ന് പാടശേഖരത്തിൽ മറ്റൊരു രീതിയാണ് കർഷകർ സ്വീകരിക്കുന്നത്. ഈ പാടത്തിലെ വെള്ളം ആദ്യം വറ്റിച്ചു. തുടർന്ന് പുല്ലിന് തീയിട്ടു. പിന്നീട് മരുന്നുകൾ പ്രയോഗിച്ച് പുല്ല് ചീയിച്ചു. ഇത്തരത്തിൽ ചീഞ്ഞ പുല്ല് ഉൾപ്പെടെ ട്രാക്‌ടർ ഉപയോഗിച്ച് ഉഴുത് പാടം കൃഷിക്ക് അനുയോജ്യമാക്കി. സ്ഥലം ഉമടയ്ക്ക് അയ്യായിരം രൂപയും, കർഷകർക്ക് 25,000 രൂപയും ഹെക്‌ടറിന് കൃഷി വകുപ്പ് അനുവദിക്കുന്നുണ്ട്. ഈ തുക ഉപയോഗിച്ചാണ് ഇപ്പോൾ പാടങ്ങൾ വൃത്തിയാക്കുന്നത്. തരിശ് കിടക്കുന്ന പാടശേഖരത്തിലെ വെള്ളം വറ്റിക്കുന്നതിനുള്ള സഹായം സർക്കാർ നൽകും. വിത്ത് കൃഷി വകുപ്പ് സൗജന്യമായും നൽകും.
സ്ഥലം വിട്ടു നൽകുക:
ഇല്ലെങ്കിൽ ഏറ്റെടുക്കും
കൃഷിക്കായി സ്ഥലം വിട്ടു നൽകാൻ തയ്യാറല്ലാത്ത ഉടമകളിൽ നിന്നും സ്ഥലം ഏറ്റെടുക്കാൻ സമിതിയുണ്ട്. നഗരസഭ അദ്ധ്യക്ഷ, വില്ലേജ് ഓഫിസർ, കൃഷി ഓഫിസർ എന്നിവർ അംഗങ്ങളായ സമിതിയാണ് ഈ പരാതി കേൾക്കുക. കൃഷി ചെയ്യാനുള്ള സ്ഥലം ചൂണ്ടിക്കാട്ടി കർഷകർ സമിതിക്ക് അപേക്ഷ നൽകിയാൽ സമിതി സ്ഥലം ഉടമയ്ക്ക് നോട്ടീസ് അയയ്ക്കും. ഈ നോട്ടീസ് ലഭിച്ചതിനു ശേഷം സ്ഥലം ഉടമകൾ സമിതിക്ക് മറുപടി നൽകുകയും, സ്ഥലം വിട്ടു നൽകുകയും വേണം.
കൃഷിക്ക് താല്‌പര്യമുള്ള
കർഷകർക്ക് ബന്ധപ്പെടാം
തരിശിട്ട് കിടക്കുന്ന പാടശേഖരങ്ങളിൽ കൃഷി ചെയ്യാൻ താത്പര്യമുള്ള കർഷകർക്ക് മീനച്ചിലാർ, മീനന്തറയാർ - കൊടൂരാർ നദീസംയോജന പദ്ധതി പ്രകാരം സഹായം നൽകും. കർഷകർക്ക് പദ്ധതി അംഗങ്ങളെ സമീപിക്കാവുന്നതാണ്.
കെ.അനിൽകുമാർ
കോഓർഡിനേറ്റർ