പാമ്പാടി : പച്ചക്കറി മാർക്കറ്റിലെ മലിന ജലം ഒഴുക്കി കളയാൻ സംവിധാനമില്ല. അതിനാൽ കശാപ്പു ശാലകളിലെ മലിനമായ വെള്ളം മാർക്കറ്റിനുള്ളിൽ കെട്ടിക്കിടക്കുകയാണ്.കൂടാതെ ദുർഗന്ധം നിറഞ്ഞ വെള്ളം പലപ്പോഴും
മാർക്കറ്റിലേക്കുള്ള നടപ്പാതകളിലൂടെയാവും ഒഴുകുന്നത്.
മഴ പെയ്താൽ ഈ മലിന ജലം ദേശീയ പാത, കരിമ്പിൻതോട്, കാളച്ചന്തയ്ക്കു സമീപമുള്ള തോട് എന്നിവിടങ്ങളിലേയ്ക്കാണ് ഒഴുകിയെത്തുന്നത്. ചന്തയിലെ അറവു മാലിന്യങ്ങൾ ഉൾപ്പെടെയുള്ള വെള്ളമാണ് ഇത്തരത്തിൽ മാർക്കറ്റിലും പരിസരങ്ങളിലും കെട്ടിക്കിടക്കുന്നത്. വളരെ ഇടുങ്ങിയ മാർക്കറ്റിനുള്ളിൽ മഴപെയ്താൽ വെള്ളക്കെട്ടാണ് .വിവിധ സ്ഥലങ്ങളിൽ നിന്നും ഇവിടേയ്ക്ക് എത്തുന്ന വെള്ളം കെട്ടിക്കിടക്കാതെ ഒഴുകി പോകാൻ സൗകര്യമില്ല. ഇത് കച്ചവടക്കാരേയും ബാധിക്കുന്നുണ്ട്.
മാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള സംവിധാനവും വെള്ളം ഒഴുകി പോകുന്നതിനുള്ള ഓടയും ഉടൻ പഞ്ചായത്ത് നിർമിച്ചു നൽകണമെന്നാണ് വ്യാപാരികൾ ഉൾപ്പെടെയുള്ള നാട്ടുകാർ ആവശ്യപ്പെടുന്നത്.
പഴയ ചന്തയിരുന്ന ഭാഗത്തു പഞ്ചായത്തു നിർമ്മിച്ച ഷോപ്പിംഗ് കോംപ്ലക്സ് പൂർത്തിയായിട്ടും തുറന്നു കൊടുത്തിട്ടില്ല.
മാർക്കറ്റിലേക്ക് എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സംവിധാനങ്ങളും ഒരുക്കേണ്ടതാണ് .ഷോപ്പിംഗ് കോംപ്ലക്സിന്റെ താഴത്തെ നിലയിൽ പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട് എന്നാണ് പഞ്ചായത്തിന്റെ വാദം.
എന്നാൽ ഇപ്പോഴെത്തുന്ന വാഹങ്ങൾ എവിടെ പാർക്ക് ചെയ്യും എന്ന ചോദ്യത്തിന് മുന്നിൽ പഞ്ചായത്തു കൈമലർത്തുകയാണ്.