photo

കുമരകം:കുമരകം ആയുർവേദ - ഹോമിയോ ഡിസ്‌പെൻസറികൾക്ക് ശാപമോക്ഷം.

പഞ്ചായത്തിലെ സർക്കാർ ഹോമിയോ - ആയുർവേദ ആശുപത്രികൾ ഒരേ കെട്ടിടത്തിൽ പ്രവർത്തിക്കും. കുമരകം അട്ടിപ്പീടിക റോഡരികിലുള്ള പഞ്ചായത്ത് വക സ്ഥലത്ത് 46 ലക്ഷം ചെലവാക്കിയാണ് ആധുനിക സൗകര്യങ്ങളോടെ

കെട്ടിടം പൂർത്തിയാക്കിയത്. 15 വർഷത്തിലേറെയായി പഞ്ചായത്ത് ഓഫീസിനു സമീപത്തെ നിലം പൊത്താറായ വാടക വീട്ടിലായിരുന്നു ഹോമിയോ ആശുപത്രി പ്രവർത്തിച്ചിരുന്നത്. ആയുർവേദ ആശുപത്രിയുടെ പ്രവർത്തനം പഞ്ചായത്തിലുമായിരുന്നു . പ്രളയത്തെ തുടർന്ന് ഹോമിയോ ആശുപത്രി പഞ്ചായത്ത് ലൈബ്രറിയിലേയ്ക്ക് മാറ്റി.

ലൈബ്രറിയുടെ സ്ഥാനം വരാന്തയിലുമായി. ആശുപത്രികൾ പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ നാട്ടുകാരുടെ ദുരിതത്തിന് പരിഹാരമാകും. കെട്ടിടം നിർമ്മിക്കുന്നതിനായി ലോകബാങ്ക് 20 ലക്ഷം രൂപ അനുവദിച്ചപ്പോൾ ബാക്കി തുക പഞ്ചായത്ത് നൽകുകയായിരുന്നു.

''ആദ്യഘട്ടത്തിൽ 26 ലക്ഷം രൂപയും രണ്ടാം ഘട്ടത്തിൽ 20 ലക്ഷം രൂപയുമാണ് നിർമാണത്തിന് ചെലവായത്. കെട്ടിടം 17 ന് മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്യും. ആയുർവേദ ആശുപത്രി പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതോടെ നിലവിൽ ഉപയോഗിക്കുന്ന മുറി ആധുനിക സൗകര്യങ്ങളുള്ള ലൈബ്രറിയാക്കി മാറ്റാനാണ് തീരുമാനം ''

എ.പി. സലിമോൻ (കുമരകം പഞ്ചായത്ത് പ്രസിഡന്റ് )