കോട്ടയം: മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പിന്റെ ഇരുപത്തിയഞ്ചാം ഘട്ടം 14 മുതൽ ഫെബ്രുവരി ഏഴ് വരെ ജില്ലയിൽ നടക്കും. 125 പേരടങ്ങുന്ന സ്‌ക്വാഡ് പരിശീലനം പൂർത്തിയാക്കി. വീടുകൾ കയറിയും ക്യാമ്പുകൾ നടത്തിയും പശുക്കൾ, എരുമ, പന്നി എന്നിവയ്ക്ക് വാക്സിനേഷൻ നടത്താനാണ് തീരുമാനം.
പാലിൽ കുറവ് വരുമെന്ന ഭീതിയിൽ പലരും പശുക്കളെയും എരുമകളേയും വാക്സിനേഷന് വിധേയമാക്കാൻ മടിക്കുന്നുണ്ട്. കുത്തിവയ്പ്പിന് ശേഷം ശരീരത്തിൽ രോഗപ്രതിരോധശേഷിക്കായുള്ള പ്രക്രിയനടക്കുന്നതിനാലാണ് പാലിൽ കുറവുണ്ടാകുന്നത്. എന്നാൽ ഒരാഴ്ചക്കുള്ളിൽ ഇതു പരിഹരിക്കപ്പെടുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
രോഗം കാറ്റിലൂടെ
കാറ്റിലൂടെ പടരുന്ന വൈറസാണ് കുളമ്പുരോഗത്തിന് കാരണം. രോഗം ബാധിച്ചാൽ പാൽതീരെ കുറയും. മറ്റുള്ള ഉരുക്കളിലേയ്ക്കും പടരും. ചത്തുപോകാനും സാദ്ധ്യതയുണ്ട്. അതുകൊണ്ട് തന്നെ എല്ലാ ഉരുക്കളേയും വാക്‌സിനേഷന് വിധേയമാക്കേണ്ടത് കർഷകന്റെ കൂടി ഉത്തരവാദിത്വമാണ്.
95312 ഉരുക്കൾ
സെൻസസ് പ്രകാരം ജില്ലയിൽ 95312 ഉരുക്കളാണുള്ളത്. 81,680 പശുക്കളും 6,141 എരുമകളും 7,491 പന്നികളും ജില്ലയിലുണ്ടെന്നാണ് കണക്ക്. ഇവയ്ക്കുള്ള പ്രതിരോധ കുത്തിവെപ്പ് 72 പഞ്ചായത്തുകളിലും അഞ്ച് മുനിസിപ്പാലിറ്റികളിലുമായി നൽകും.
'' വർഷാവർഷമുള്ള വാക്‌സിനേഷനിലൂടെ ജില്ലയിൽ രോഗത്തിന്റെ തോത് കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. ജില്ലയിൽ രോഗം നിയന്ത്രിതമാണ്. എല്ലാ കർഷകരും വാക്സിനേഷൻ നിർബന്ധമായും എടുക്കണം'
'- ഡോ. അംബികാ ദേവി, ജില്ലാ മൃഗസംരക്ഷണ ഓഫീസർ