അയ്‌മനം: കണിയാൻചിറ നിവാസികൾക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏക ആശ്രയമായ പാലം കാലപ്പഴക്കത്താൽ ദ്രവിച്ചു. ഈ പാലം തകർന്നാൽ ഇവിടെ യാത്രാക്ളേശം രൂക്ഷമാകുമെന്നതിൽ സംശയമില്ല.അയ്‌മനം പഞ്ചായത്തിലെ 18 - 19 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കണിയാൻചിറ പാലമാണ് അപകടാവസ്ഥയിലായത്.
മുപ്പത് വർഷം മുമ്പ് ചില സന്നദ്ധ സംഘടനകളുടെ കാരുണ്യത്താൽ പരിപ്പ് - തൊള്ളായിരം തോടിന് കുറുകെയാണ് പാലം നിർമ്മിച്ചത്. പിന്നീട് അറ്റകുറ്റപണികളൊന്നും നടന്നില്ല. ഇതോടെ പാലം പൂർണമായും തകർന്നു. പരിപ്പ്, അയ്‌മനം, കോട്ടയം ടൗൺ എന്നിവിടങ്ങളിലേക്ക് പോകാനുള്ള ഏക ആശ്രയമാണിത്.കൈവരികൾ പൂർണമായി തകർന്ന പാലത്തിന് സമീപം വഴിവിളക്കുകൾ ഇല്ലാത്തതും അപകടകരമാണ്.
രാത്രിയായാൽ തപ്പി തടഞ്ഞ് വേണം പാലം കടക്കാൻ. കൈയിൽ വെളിച്ചം കരുതിയില്ലെങ്കിൽ എപ്പോൾ തോട്ടിൽ കിടന്നെന്ന് ചോദിച്ചാൽ മതി. വിവിധ അംഗണവാടികൾ, പരിപ്പ് എച്ച്.എസ്, പരിപ്പ് യു.പി സ്‌കൂൾ, മഹാദേവക്ഷേത്രം, മറ്റ് ആരാധനാലയങ്ങൾ തുടങ്ങി വിവിധ സ്ഥലങ്ങളിലേക്ക് പോകാനും ഇതല്ലാതെ മറ്റ് വഴികളില്ല. കണിയാൻചിറയിൽ പുതിയ പാലം എന്നത് നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. പല തവണ പരാതി പറഞ്ഞിട്ടും ജനപ്രതിനിധികളാരും ഇവിടേയ്ക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
വേനൽക്കാലം കഠിനം
വേനൽക്കാലത്ത് കുടിവെള്ളം എത്തിക്കാനാകില്ല. തകർന്ന പാലത്തിലൂടെ വേണം വെള്ളം കൊണ്ടുവരാൻ.
ഇരുചക്രവാഹനങ്ങൾക്കെങ്കിലും കടന്നു പോകാൻ പറ്റുന്ന സൗകര്യത്തോടെ പുതിയ പാലം നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വേൾഡ് വിഷൻ എന്ന സന്നദ്ധ സംഘടനയുടെ കാരുണ്യത്താൽ കിട്ടിയ പാലമാണിത്. അപകടാവസ്ഥയിലായപ്പോൾ നവീകരിക്കാൻ ആരുമില്ല. സമാധാനത്തോടെ രാത്രിയിൽ നടന്നുപോകാൻ വഴിവിളക്കെങ്കിലും സ്ഥാപിച്ചെങ്കിൽ നന്നായിരുന്നു. നമ്മുടെ കാര്യം കുഴപ്പമില്ല. കുട്ടികൾ പാലം കടക്കുമ്പോഴാണ് പേടി.
ജോസഫ് മണി (പ്രദേശവാസി)