എരുമേലി: മനസിൽ അചഞ്ചല ഭക്തിയും ചുണ്ടിൽ ശരണംവിളികളും നിറഞ്ഞ അന്തരീക്ഷത്തിൽ അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങൾ എരുമേലിയിൽ പേട്ടതുള്ളി ശബരിമലയ്ക്ക് യാത്രയായി. ആകാശത്ത് വട്ടമിട്ട് പറന്ന ശ്രീകൃഷ്ണപ്പരുന്തും തെളിഞ്ഞ വെള്ളിനക്ഷത്രവും പതിനായിരങ്ങളെ ഭക്തിയുടെ പാരമ്യത്തിലെത്തിച്ചു. കൊട്ടും മേളവും കരകാട്ടവുമൊക്കെയായി പേട്ടതുള്ളൽ നാടിന്റെ ഉത്സവമായി.
ഇന്നലെ രാവിലെ 11.30ഓടെ ആകാശത്ത് ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ട് പറന്നതോടെ അമ്പലപ്പുഴ സംഘം കൊച്ചമ്പലത്തിൽ നിന്ന് പേട്ടതുള്ളൽ ആരംഭിച്ചു. കനത്തവെയിലിനെ അവഗണിച്ച് വിശ്വാസപൂർവം ആയിരങ്ങൾ അണിനിരന്നപ്പോൾ എങ്ങും ശരണമന്ത്രങ്ങളാൽ മുഖരിതമായി. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുള്ളതിനാൽ കനത്ത സുരക്ഷയിലാണ് ചടങ്ങുകൾ നടന്നത്.
വാദ്യമേള ഘോഷങ്ങളോടെ പേട്ടതുള്ളിയെത്തിയ സമൂഹപെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായരെയും സംഘത്തെയും നൈനാർ പള്ളിയിൽ പൂക്കൾ വിതറിയും ചന്ദനം തളിച്ചും പച്ചഷാൾ അണിയിച്ചും ജമാ അത്ത് പ്രസിഡന്റ് പി.എച്ച്.ഷാജഹാൻ, സെക്രട്ടറി നൈസാം പി.അഷ്റഫ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ സ്വർണത്തിടമ്പേറ്റിയ ഗജവീരനൊപ്പം സംഘം നൈനാർ പള്ളിയെ വലംവച്ചു. ദേവസ്വം, ഹൈന്ദവ സംഘടനാ ഭാരവാഹികൾ വലിയമ്പലത്തിൽ സംഘത്തെ സ്വീകരിച്ചാനയിച്ചു.
ഉച്ചകഴിഞ്ഞ് മൂന്നോടെ ആകാശത്ത് വെള്ളിനക്ഷത്രം തെളിഞ്ഞപ്പോൾ ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളലിന് തുടക്കമായി. സമൂഹപെരിയോൻ അമ്പാടത്ത് എ.കെ.വിജയകുമാറിന്റെ നേതൃത്വത്തിൽ ഭസ്മവും ചന്ദനവും പൂശി കൊച്ചമ്പലത്തിൽ നിന്നിറങ്ങിയ സംഘം ചടുലമായ താളമേളങ്ങളുടെ അകമ്പടിയിൽ പേട്ടക്കവലയിൽ നിന്ന് വലിയമ്പലത്തിലേക്ക് നീങ്ങി. അമ്പലപ്പുഴ സംഘത്തോടൊപ്പം വാവര് സ്വാമി പോകുമെന്നതിനാൽ ആലങ്ങാട് സംഘം നൈനാർ പള്ളിയിൽ കയറാറില്ല. ഇരുസംഘങ്ങളും പരമ്പരാഗത കാനനപാത വഴി ശബരിമലയ്ക്ക് തിരിച്ചതോടെ മതസൗഹാർദ്ദത്തിന്റെ പ്രതീകം കൂടിയായ എരുമേലി പേട്ടതുള്ളലിന് പരിസമാപ്തിയായി. ഇരുസംഘങ്ങളും ഞായറാഴ്ച നടക്കുന്ന പമ്പവിളക്കിൽ പങ്കെടുത്ത ശേഷം മലകയറും.