കോട്ടയം: പ്രളയത്തിൽ പശുവും താറാവും എരുമയുമൊക്കെ ഒഴുകിപ്പോയവർക്ക് ആശ്വസിക്കാം. കേന്ദ്രമാനദണ്ഡ പ്രകാരമുള്ള നഷ്ടപരിഹാരം വിതരണം തുടങ്ങി. 1.20 കോടിരൂപയാണ് ജില്ലയിൽ അനുവദിച്ചിരിക്കുന്നത്. തൊഴുത്തുകളും കോഴിക്കൂടുകളും പുതുക്കി നിർമിക്കാനും പദ്ധതിയുണ്ട്. പ്രളയത്തിൽ കന്നുകാലി നഷ്ടപ്പെട്ടവർക്കുള്ള നഷ്ടപരിഹാരം വിതരണം തുടങ്ങാത്തതിനെക്കുറിച്ച് കഴിഞ്ഞ 14ന് കേരളകൗമുദി വാർത്ത നൽകിയിരുന്നു.
പ്രളയബാധിത മേഖലയിലെ 42 വെറ്ററിനറി ഡിസ്‌പെൻസറികളും ആശുപത്രികളും മുഖേന ലഭിച്ച അപേക്ഷകളിലാണ് സഹായം. നഷ്ടം തിട്ടപ്പെടുത്തുന്നത് സംബന്ധിച്ച് പ്രശ്നമാണ് ധനസഹായ വിതരണം വൈകിച്ചത്. ഒരു കർഷകന് 5,000 മുതൽ 90,000 വരെ രൂപ ലഭിക്കും. ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട അയ്മനം പഞ്ചായത്തിൽ 14 ലക്ഷം രൂപ വിതരണം ചെയ്യണം. പശുവിന് 30,000 രൂപയും ആടിനും പന്നിക്കും 3000 രൂപയും പശുക്കുട്ടിക്ക് 16,000 രൂപയുമാണ് പരമാവധി നഷ്ടപരിഹാരം.
സഹായം 3,103 കർഷകർക്ക്
ജില്ലയിലെ 3,103 കർഷകർക്കാണ് നഷ്ടപരിഹാരം ലഭിക്കുക. ഇനി കുമരകം, കുമാരനല്ലൂർ, അയർക്കുന്നം, നീണ്ടൂർ, മേമുറി, എരുമേലി എന്നിവിടങ്ങളിലേയ്ക്കുള്ള സഹായം വിതരണം ചെയ്യണം. 249 ഹെക്ടർ പുൽകൃഷിയും, 515 തൊഴുത്തുകളും 54.27 ടൺ കാലിത്തീറ്റയും 365 കിലോഗ്രാം വെറ്ററിനറി മരുന്നുകളും 12 ക്ഷീരസംഘം ഓഫീസുകളും അഞ്ച് വെറ്ററിനറി സ്ഥാപനങ്ങളും പ്രളയത്തിൽ നശിച്ചു. ഈ ഇനത്തിൽ മാത്രം ജില്ലയിൽ 12.53 കോടി രൂപയുടെ നാശനഷ്ടമുണ്ടായി.
നഷ്ടമിങ്ങനെ
പശുക്കൾ: 267
എരുമ: 57
കിടാവ്: 233
പന്നി: 63
ആട്: 836
മുയൽ: 280
കോഴി: 11,8493
'' തൊഴുത്തും മറ്റും പുനർനിർമിക്കാൻ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായം തേടും. നഷ്ടപരിഹാരം വിതരണം ഉടൻ പൂർത്തിയാക്കും''
- ഡോ.അംബിക ദേവി, (ജില്ലാ മൃഗസംരക്ഷണ ഓഫീസർ)