ചങ്ങനാശ്ശേരി: കുട്ടികൾക്കായി സംസ്ഥാനത്ത് ആദ്യമായി ചങ്ങനാശേരിയിൽ നിർമിക്കുന്ന തിയേറ്റർ വൈകാതെ പ്രവർത്തനം തുടങ്ങും. കുട്ടികൾ കാണേണ്ട സിനിമകൾ പ്രദർശിപ്പിക്കാനായി ചങ്ങനാശേരി നഗരസഭയുടെ കീഴിൽ ഗവ. ഹൈസ്‌കൂൾ കെട്ടിടത്തോട് ചേർന്നാണ് തിയേറ്റർ നിർമ്മിക്കുന്നത്. നഗരസഭയുടെ വികസനഫണ്ടിൽ നിന്നും 75 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം.
മൂന്ന് വർഷം മുമ്പ് സ്‌കൂളിൽ നടത്തിയ ദൃശ്യകലാ പഠനകളരിയിലാണ് കുട്ടികളുടെ സിനിമാശാലയെന്ന ആശയം ഉരുത്തിരിഞ്ഞത്. സ്‌കൂൾ പ്രഥമാദ്ധ്യാപകനായിരുന്ന പി.വി.തങ്കസ്വാമിയും ചിത്രാകലാദ്ധ്യാപകനായ രഘുശ്രീധറും ചേർന്ന് ഇത് ഒരു പ്രോജക്ട് ആയി നഗരസഭയ്ക്ക് സമർപ്പിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് സംസ്ഥാനത്തെ ആദ്യത്തെ കുട്ടികളുടെ തിയേറ്ററിന്റെ നിർമ്മാണം തുടങ്ങിയത്. കേരളത്തിലങ്ങോളമിങ്ങോളമുള്ള സ്‌കൂൾ വിദ്യാർത്ഥികൾക്ക് വിനോദയാത്രകളുമായി ബന്ധപ്പെടുത്തി കുട്ടികളുടെ സിനിമകൾ കാണുന്നതിനുള്ള ഒരിടമാക്കി ഇതിനെ മാറ്റിയെടുക്കാനാണ് പദ്ധതി .
അഭിരുചിയുള്ള കുട്ടികൾക്ക് സിനിമാ സംവിധാനം, നിർമ്മാണം, ഛായാഗ്രഹണം, അഭിനയം എന്നിവ പഠിപ്പിക്കുന്നതിനുള്ള വേദിയാക്കിയും ഈ തിയേറ്ററിനെ മാറ്റും. അന്താരാഷ്ട്ര ചലച്ചിത്രമ്യൂസിയവും വിഭാവനം ചെയ്യുന്നുണ്ട്. തിരക്കഥാരചനയും ചലച്ചിത്രനിർമ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങളും വിദ്യാർത്ഥികൾക്ക് മനസ്സിലാക്കിക്കൊടുക്കുന്ന തരത്തിലാണ് തിയേറ്റർ പ്രവർത്തിക്കുക. സിനിമ മേളകൾ, കുട്ടികളുടെ ചലച്ചിത്രകലോത്സവങ്ങൾ എന്നിവയും സംഘടിപ്പിക്കും.
മാർച്ചോടെ നിർമ്മാണം പൂർത്തിയാക്കി പ്രവർത്തനമാരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് നഗരസഭ ചെയർമാൻ ലാലിച്ചൻ ആന്റണി പറഞ്ഞു.