photo

കുമരകം: പുതിയ ടൂറിസം സാദ്ധ്യതകൾ തുറന്നിട്ട് കുമരകത്ത് നാലുപങ്ക് ബോട്ട് ടെർമിനൽ ഒരുങ്ങിക്കഴിഞ്ഞു.

കുമരകത്തിന്റെ വടക്ക് നിന്ന് തെക്കൻ മേഖലയിലേയ്ക്ക് കൂടി സഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതിയാണിത്.

ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ തയാറാക്കിയ പദ്ധതി പൂർത്തിയായി. ചിത്തിര കായലും വേമ്പനാട്ട് കായലും അതിർത്തി പങ്കിടുന്ന തീരത്താണ് അത്യാധുനിക സംവിധാനങ്ങളുള്ള ബോട്ട് ടെർമിനൽ നിർമ്മിച്ചിരിക്കുന്നത്. ഇതിനായി ടൂറിസം വകുപ്പ് 3.8 കോടിയാണ് ചെലവഴിച്ചത്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്‌ചർ ഡവലപ്‌മെന്റ് കോർപ്പറേഷൻ (കെ.ഐ.ഐ.ഡി.സി) നായിരുന്നു ടെർമിനലിന്റെ നിർമ്മാണച്ചുമതല.

നാലുപങ്ക് അടുത്തായതിനാൽ ആലപ്പുഴയിൽ നിന്നെത്തുന്ന ഹൗസ്‌ബോട്ടുകൾക്ക് ഇവിടെയെത്തി വിനോദ സഞ്ചാരികളെ കൊണ്ടുപോകാൻ കഴിയും. നിലവിൽ കുമരകത്തെ ഹൗസ് ബോട്ടുകൾ പാർക്ക് ചെയ്യുന്നതിനായി സ്ഥിരം സംവിധാനമില്ല. കായലോരങ്ങളിൽ യാതൊരു സുരക്ഷയുമില്ലാതെ കെട്ടിയിടുകയാണ് പതിവ്.

 നൂലാമാലകളിൽ കുടുങ്ങി

2016 ൽ സർക്കാർ അനുമതി കിട്ടിയ നാല് പങ്ക് ബോട്ട് ടെർമിനലിന്റെ നിർമ്മാണം പിന്നീട് വിവിധ നൂലാമാലകളിൽ കുടുങ്ങി നീണ്ടു.

പ്രദേശത്തെ മത്സ്യസമ്പത്ത് നശിപ്പിച്ച് ബോട്ട് ടെർമിനൽ നിർമ്മിക്കുന്നതിനെതിരെ ഫിഷറീസ് വകുപ്പും പരിസ്ഥിതി സംരക്ഷകരും മത്സ്യകർഷകരും രംഗത്ത് വന്നത് ആദ്യ ഘട്ടത്തിൽ പ്രതിസന്ധികൾ സൃഷ്‌ട്ടിച്ചിരുന്നു. ഒടുവിൽ ആ പ്രശ്നം ഒത്തുതീർപ്പാക്കി നിർമ്മാണം ആരംഭിച്ച് പകുതിയായപ്പോൾ കെ.ഐ.ഐ.ഡി.സി കൃത്യമായി പണം നൽകുന്നില്ലെന്ന് ആരോപിച്ച് കരാറാകുകാർ പദ്ധതി ഉപേക്ഷിച്ചു. തുടർന്ന് അവരുടെ കുടിശ്ശിക വീട്ടി കഴിഞ്ഞ ഒരു വർഷത്തിനുള്ളിലാണ് പദ്ധതി പൂർത്തിയാക്കിയത്.

സവിശേഷതകൾ

ഒരേ സമയം 40 ഹൗസ്‌ബോട്ടുകൾക്ക് പാർക്ക് ചെയ്യാം

 കായൽ മനോഹാരിത ആസ്വദിക്കാൻ വാച്ച് ടവർ

സഞ്ചാരികൾക്കായി വിശ്രമകേന്ദ്രം

കോഫി ഷോപ്പ്, റസ്റ്റോറന്റുകൾ

 ടോയ്‌ലറ്റ് ബ്ലോക്കുകൾ

 ഏതാനും ചില മിനുക്കുപണികൾ മാത്രമാണ് ബാക്കിയുള്ളത്. അത് കൂടി പൂർത്തിയാക്കി വകുപ്പ് മന്ത്രിയുടെ സമയം കൂടി നോക്കി ഒരു മാസത്തിനുള്ളിൽ നാല്‌പങ്ക് ബോട്ട് ടെർമിനൽ ഉദ്ഘാടനം നടത്താനാണ് തീരുമാനം. കുമരകത്തിന്റെ തെക്കൻ മേഖലകളിലും വികസനം എത്തിക്കുകയെന്നതാണ് ലക്ഷ്യം.

ബിജു വർഗീസ് (ഡെപ്യൂട്ടി ഡയറക്‌ടർ ടൂറിസം വകുപ്പ്, കോട്ടയം )