ഈരാറ്റുപേട്ട : സ്വന്തമായി സ്ഥലമുണ്ടെങ്കിലും വൻതുക നൽകി വാടകകെട്ടിടത്തിൽ കഴിയാനാണ് തീക്കോയി ഗവ.ടെക്നിക്കൽ ഹൈസ്കൂളിന്റെ വിധി. മൂന്നരവർഷം മുൻപാണ് കെട്ടിടം നിർമ്മിക്കാനായി രണ്ടര ഏക്കർ സ്ഥലം ഈരാറ്റുപേട്ട നഗരസഭയിലെ പത്താഴപ്പടിയിൽ വാങ്ങിയത്. അഞ്ചരകോടി രൂപ സർക്കാർ കെട്ടിട നിർമ്മാണത്തിനായി അനുവദിച്ചു. എന്നിട്ടും കെട്ടിട നിർമ്മാണത്തിന്റെ പ്രാരംഭ നടപടികൾ പോലും ആരംഭിച്ചില്ല. 150 വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്. ഒരു മാസം 45000 രൂപ വാടക നൽകിയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. വാടകകെട്ടിട ഉടമയുടെ നേതാവ് ഇടപെട്ട് നിർമ്മാണം തടസപ്പെടുത്തുന്നതായാണ് ആരോപണം. സ്കൂളിന് വാങ്ങിയ സ്ഥലത്ത് ഉടൻ കെട്ടിട നിർമ്മാണം ആരംഭിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.