തലയോലപ്പറമ്പ് : പ്രധാന റോഡരികിലെ ടാറിംഗ് കട്ടിംഗ് കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനയാത്രക്കാർക്കും ഒരുപോലെ ഭീഷണിയാകുന്നു. പള്ളിക്കവല, തലപ്പാറ, വെട്ടിക്കാട്ട്മുക്ക് എന്നിവിടങ്ങളിലെ 3 അടി വരെ താഴ്ചയുള്ള കട്ടിംഗുകളാണ് അപകടത്തിനിടയാക്കുന്നത്. വലിയ വാഹനങ്ങൾക്ക് സൈഡ് കൊടുക്കുന്നതിനായി ഒതുക്കുമ്പോഴാണ് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത്. കഴിഞ്ഞ ദിവസം ബി.എസ്.എൻ.എൽ ഓഫീസിന് സമീപം പുറകെ വന്ന വാഹനത്തെ കടത്തിവിടുന്നതിനായി ബൈക്ക് വശത്തേക്ക് മാറ്റുന്നതിനിടെ പൊതി സ്വദേശികളായ ദമ്പതികൾക്ക് കട്ടിംഗിൽ നിന്നു താഴെവീണ് പരിക്കേറ്റിരുന്നു. മാസങ്ങൾക്ക് മുൻപ് ഇതിന് സമീപം കട്ടിംഗിൽ നിന്നു നിയന്ത്രണം വിട്ട് പൊലീസ് ജീപ്പ് വഴിയരികിലെ മാടക്കട ഇടിച്ച് തകർത്തിരുന്നു. അപകടങ്ങൾ പതിവായതോടെ നാട്ടുകാർ കൂടുതൽ താഴ്ചയുള്ള ഭാഗങ്ങൾ കല്ലും മണ്ണും ഉപയോഗിച്ച് ഉയർത്തിയിട്ടുണ്ട്.