kurichi

ചങ്ങനാശേരി : എം.സി.റോഡിൽ അനധികൃതമായി നടപ്പാത കൈയേറി വഴിയോരക്കച്ചവടം നടത്തുന്നു. കുറിച്ചി മന്ദിരം കവലയ്ക്കും ഔട്ട് പോസ്റ്റ് കവലയ്ക്കുമിടയിലെ അപകട വളവിലാണ് ഇത്തരത്തിൽ നടപ്പാത കൈയേറിയിരിക്കുന്നത്. കാൽ നടയാത്രക്കാർക്ക് തടസമുണ്ടാക്കി കടകളിലെ സാധനങ്ങൾ നടപ്പാതയിലേക്ക് ഇറക്കിയാണ് വെച്ചിരിക്കുന്നത്. ഇതു കാൽനടയാത്രക്കാർ റോഡിലേയ്ക്ക് ഇറങ്ങി നടക്കേണ്ടിവരുന്നു. ഇത് അപകടങ്ങൾക്കും കാരണമാകുന്നു. സമീപത്തെ വിദ്യാലയങ്ങളിലെ കുട്ടികളടക്കം നിരവധി പേരാണ് ഇതുവഴി കടന്നു പോകുന്നത്. നിരവധി അപകടങ്ങൾ വളവിലുണ്ടായിട്ടുണ്ട്. ചൂള കമ്പുകളും സമീപത്തെ വർക്കു ഷോപ്പിലെ ബൈക്കുകളും ആണ് ഇത്തരത്തിൽ മാർഗ തടസം ഉണ്ടാക്കുന്ന നിലയിൽ വെച്ചിരിക്കുന്നത്. യാത്രക്കാർക്കു ഗതാഗത തടസം ഉണ്ടാക്കുന്നത് ഒഴിവാക്കണമെന്ന ആവശ്യം ഉയരുന്നു. ഈ ഭാഗത്തു ചിലയിടങ്ങളിൽ നടപ്പാതയുടെ സ്ലാബുകൾ ഇളകി മാറിയിരിക്കുന്നത് അപകടത്തിനും കാരണമാകുന്നുണ്ട്. കാൽനട യാത്രകർ ഓടയിൽ വീണു പരിക്കേല്ക്കാറുമുണ്ട്. കാൽനടയാത്രക്കാർക്ക് നടക്കുവാൻ കഴിയാതെ സാധനങ്ങൾ ഇറക്കിവെച്ചിരിക്കുന്ന വ്യാപാരിക്കൾക്കെതിരെ നടപടിയെടുക്കുവാൻ അധികാരികളും തയ്യാറാകുന്നില്ല. നടപ്പാതയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെതിരെ മുമ്പും പരാതിയുയർന്നിരുന്നു. നിയമങ്ങൾ കാറ്റിൽ പറത്തിയാണ് നടപ്പതയിലടക്കമുള്ള അനധികൃത പാർക്കിങ്.