chayakaran-1

ചങ്ങനാശേരി :പായിപ്പാട് ഗ്രാമപ്പഞ്ചായത്തിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള ചായക്കാരൻകുളം അവഗണനയിൽ. 13ാം വാർഡിൽ 1.20 ഏക്കറിലായാണ് കുളം വ്യാപിച്ചുകിടക്കുന്നത്.

അനാഥമായ കുളം സംരക്ഷിക്കണമെന്ന ആവശ്യം ഉയർന്നതോടെ പഞ്ചായത്ത് ചില പദ്ധതികൾ ആസൂത്രണം ചെയ്‌തെങ്കിലും പൂർത്തീകരിക്കാനായില്ല. കുളത്തിന്റെ ആഴം വർദ്ധിപ്പിച്ചു ചുറ്റും കല്ലുകെട്ടി മനോഹരമാക്കാൻ 75 ലക്ഷം രൂപയുടെ പദ്ധതിയാണ് ആരംഭിച്ചത്. 20 ലക്ഷം ചെലവഴിച്ച് കുളത്തിനരികിലെ ഓടയുടെ നീളം വർദ്ധിപ്പിക്കാൻ ശ്രമിച്ചപ്പോഴേക്കും കല്ലിനു വില കൂടി. തുടർന്ന് കരാറുകാരൻ പണി അവസാനിപ്പിക്കുകയായിരുന്നു. വിവിധ ഭാഗങ്ങളിൽനിന്ന് ഒഴുകിയെത്തുന്ന മാലിന്യം കുളത്തിൽ വീഴാതെ സംരക്ഷിക്കാൻ കുളത്തിനരികിൽക്കൂടി ഓട നിർമിച്ചു മലിനജലം വഴിതിരിച്ചുവിടാനും പദ്ധതി തയാറാക്കിയിരുന്നു. എന്നാൽ നിർമാണം പാതിദൂരം പിന്നിട്ടപ്പോഴേയ്ക്കും നിലച്ചു. ഓട നിർമിക്കാൻ കഴിയാതെ വന്നതോടെ കൂടുതൽ മാലിന്യങ്ങൾ കുളത്തിലേയ്ക്ക് ഒഴുകിയെത്തി. തൊഴിലുറപ്പ് പദ്ധതി പ്രകാരം കുളത്തിലെ പായലും പോളകളും നീക്കം ചെയ്‌തെങ്കിലും ആഴം വർദ്ധിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചില്ല. തുടർന്ന് കുളം പഴയ പടിതന്നെയായി. എന്നാൽ രണ്ടുമാസം മുൻപാണ് നവീകരണം ആരംഭിച്ചു. ആദ്യപടിയായി കുളത്തിന്റെ മൂന്ന് വശങ്ങളിലും സംരക്ഷണഭിത്തി കെട്ടി. കുളത്തിലേയ്ക്ക് ഇറങ്ങാനുള്ള കൽപടവുകൾ നിർമ്മിച്ചു. പഞ്ചായത്തിന്റെ വികസന ഫണ്ടിൽ നിന്നും ഏഴ് ലക്ഷം രൂപ ചെലവഴിച്ചാണ് കുളത്തിനു സംരക്ഷണഭിത്തി പൂർത്തിയാക്കിയത്. തുക പര്യാപ്തമല്ലാത്തിനാൽ ഒരുവശം കെട്ടിയിട്ടില്ല. കുളത്തിന് ആഴം കൂട്ടണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും ഫണ്ട് ഇല്ലാത്തതും ടെൻഡർ ഏറ്റെടുക്കാൻ തയ്യാറാകാത്തതും നവീകരണത്തിന് തടസമാകുന്നു.