സാംക്രമിക രോഗഭീതിയിൽ കുട്ടനാടും അപ്പർകുട്ടനാടും
കോട്ടയം: തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ അടച്ച് ഒരു മാസം തികയും മുമ്പ് വേമ്പനാട്ടുകായലും കായലിൽ വന്നു ചേരുന്ന ആറുകളും സമീപ തോടുകളും പായൽ നിറഞ്ഞ് മലിനമായി. പായൽ തിങ്ങി കിടക്കുന്നത് ജലഗതാഗതത്തെയും ബാധിച്ചു. കുട്ടനാട് , അപ്പർ കുട്ടനാടൻ മേഖലകളിലെ ആറുകളിലെ വെള്ളം കുടിക്കാനും കുളിക്കാനും ഉപയോഗിക്കാനാവാത്ത സ്ഥിതിയാണ്. രാത്രിയിൽ പലയിടത്തും തള്ളുന്ന കോഴിവേസ്റ്റും കക്കൂസ് മാലിന്യവും വെള്ളത്തിൽ കെട്ടിക്കിടന്നു ദുർഗന്ധം പരത്തുന്നു. വയലുകളിൽ നിന്നു പുറംതള്ളുന്ന കീടനാശിനിയുടെ അംശം വെള്ളത്തിൽ കലർന്നതോടെ കായൽ ജലം വിഷമയവുമായി. തോടുകളിൽ മത്സ്യങ്ങളും ചത്തുപൊന്തി തുടങ്ങി.
ഡിസംബർ 15നായിരുന്നു ബണ്ടിന്റെ ഷട്ടർ അടച്ചത്. പ്രളയത്തിന് ശേഷം കായൽ ജലനിരപ്പ് താഴ്ന്നതോടെ ഉപ്പുവെള്ളം നേരത്തെയെത്തി. നെൽകർഷകർ പ്രതിഷേധസമരവുമായി രംഗത്തു വന്നതോടെയാണ് ബണ്ട് അടയ്ക്കാൻ തീരുമാനിച്ചത്. ബണ്ട് അടച്ചതോടെ മത്സ്യതൊഴിലാളികൾ രാത്രി ഷട്ടറിനടിയിൽ കല്ല് വച്ച് ഉയർത്തി മീൻ പിടിത്തം തുടങ്ങി. ഇതോടെ ഉപ്പുവെള്ളം പാടങ്ങളിൽ ഒഴുകിയെത്തി നെൽ മഞ്ഞളിക്കാൻ തുടങ്ങി. കർഷകർ വീണ്ടും പ്രക്ഷോഭ മാരംഭിച്ചതോടെ 90 ഷട്ടറുകളും ലോക്ക് ചെയ്യാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചു. ഇനി മാർച്ച് 15നാണ് ബണ്ട് തുറക്കുക.
ബോട്ട് സർവീസ് ശ്രമകരം
പായൽ നിറഞ്ഞതോടെ ബോട്ട് സർവീസ് അതീവ ശ്രമകരമായി. പ്രൊപ്പല്ലറിൽ പായൽ കുടുങ്ങുന്നതിനാൽ ജീവനക്കാർ വെള്ളത്തിലിറങ്ങി പായൽ മാറ്റിയാലേ ബോട്ട് നീങ്ങൂ. മലിനജലം ഉപയോഗിക്കാൻ കഴിയാതായതോടെ വില കൊടുത്തു വെള്ളം വാങ്ങേണ്ട ഗതികേടിലാണ് സാധാരണക്കാർ. പഞ്ചായത്തുകൾ ഇതുവരെ ശുദ്ധജലമെത്തിച്ചു തുടങ്ങിയിട്ടില്ല. വേനൽ നീണ്ടു നിൽക്കുന്നതിനാൽ കുടിവെള്ള ക്ഷാമം കൂടുതൽ രൂക്ഷമായേക്കും.
സാംക്രമിക രോഗഭീതിയിൽ
ജലമലിനീകരണത്തിനൊപ്പം സാംക്രമികരോഗങ്ങളും കുട്ടനാടൻ പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്തു തുടങ്ങി. മഞ്ഞപ്പിത്തം, ഛർദ്ദി, അതിസാരം എന്നിവയാണ് കൂടുതലായി കാണുന്നത്. വെയിലും മഞ്ഞും ശക്തമായതോടെ വൈറൽ പനിയും പിടിമുറുക്കി.
തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കണം. കുപ്പിവെള്ളവും ഗുണനിലവാര പരിശോധനയ്ക്കു ശേഷമേ ഉപയോഗിക്കാവൂ. കിണറുകളിലും കുളങ്ങളിലും ക്ലോറിനേഷൻ നടത്തണം. തുറന്നുവച്ചതും തണുത്തതുമായ ആഹാരസാധനങ്ങൾ ഒഴിവാക്കണം. നഗ്നപാദരായി വെള്ളത്തിൽ ഇറങ്ങുകയോ പായലും മറ്റു മാലിന്യങ്ങളും നീക്കം ചെയ്യുകയോ അരുത്. കൈകളിൽ ഉറയും മുഖത്ത് മാസ്കും ധരിക്കണം.
ഡോ. ജേക്കബ് വർഗീസ്,
ജില്ലാ മെഡിക്കൽ ഓഫീസർ