പൊൻകുന്നം : ദിനംപ്രതി വർദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്കും നഗരത്തിലെ തിരക്കും പരിഹരിക്കാൻ റിംഗ് റോഡ് നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 20-ാം മൈൽ ആർടി.ഓഫീസ് ,അട്ടിക്കൽ തമ്പലക്കാട് റോഡ്,റോയൽ ബൈപാസ്,കോയിപ്പള്ളി ശാന്തിപ്പടി ,പി.എൻ.പി.റോഡ്,ചിറക്കടവ് അമ്പലം ഇടത്തംപറമ്പ് 20-ാം മൈൽ ജംഗ്ഷൻ എന്നീ റോഡുകൾ വികസിപ്പിച്ച് റിംഗ് റോഡ് നിർമ്മിക്കണമെന്നാണ് ആവശ്യം. സർവീസ് ബസ് ഒഴികെയുള്ള സ്വകാര്യവാഹനങ്ങൾക്ക് ടൗണിൽക്കയറാതെ പ്രധാന പാതകളിലെത്താൻ റിംഗ് റോഡ് ഉപകരിക്കും. പോസ്റ്റ് ഓഫീസ് ,സബ്‌ ജയിൽ , ടൗൺഹാൾ, കോയിപ്പള്ളി,അട്ടിക്കൽ പഴയചന്ത തുടങ്ങിയ ചെറുപാതകളും വികസിപ്പിക്കണം.

ദേശീയപാത 183 , പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത എന്നിവ സംഗമിക്കുന്നത് പൊൻകുന്നത്താണ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നിന്നും മറ്റുമെത്തുന്നവർക്ക് നെടുമ്പാശേരി വിമാനത്താവളം, മലബാർ തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ മേഖലകളിലേക്ക് യാത്ര ചെയ്യാൻ ഇതുവഴി കടന്നുപോകണം. ശബരി റെയിൽവേ, എരുമേലി വിമാനത്താവളം തുടങ്ങിയ നിർദ്ദിഷ്ട പദ്ധതികൾ യാഥാർത്ഥ്യമാകുന്നതോടെയുണ്ടാകുന്ന തിരക്ക് മുൻകൂട്ടിക്കണ്ട് ദീർഘവീക്ഷണത്തോടെയുള്ള വികസനപ്രവർത്തനങ്ങൾ നടപ്പാക്കണമെന്നാണ് ആവശ്യം.