കോട്ടയം: നാഗമ്പടം മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രം തന്ത്രി കുമരകം ഗോപാലൻ തന്ത്രിയുടെയും മേൽശാന്തി കുമരകം രജീഷ് ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. തുടർന്ന് കൊടിയേറ്റ് സദ്യ നടത്തി. കലാപരിപാടികൾ സംസ്ഥാന മിനിസ്ക്രീൻ നായികാ അവാർഡ് ജേതാവ് ഗൗരി എം.കൃഷ്‌ണൻ ഉദ്ഘാടനം ചെയ്‌തു. സമ്മേളനം ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ഉദ്ഘാടനം ചെയ്‌തു. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് അംഗം എ.ജി തങ്കപ്പൻ ഡയാലിസിസ് കിറ്റ് വിതരണം ചെയ്‌തു. അയ്‌മനം പുത്തൻപുരയിൽ കൃഷ്‌ണൻ ശാന്തി മെമ്മോറിയൽ ചികിത്സാ സഹായ വിതരണം വി.എം ശശി വിതരണം ചെയ്‌തു. കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് , നഗരസഭ അംഗം ടി.സി റോയി, പ്രോഗ്രാം കൺവീനർ എസ്.ദേവരാജൻ എന്നിവർ പ്രസംഗിച്ചു. കൊടിയേറ്റിനു മുന്നോടിയായി ഉച്ചയ്‌ക്ക് 12 ന് ഷഷ്‌ഠിപൂജ നടത്തി. വൈകിട്ട് നാലിന് തൃക്കൊടിഘോഷയാത്ര നടന്നു. ചെങ്ങളം ശ്രീകല ക്ഷേത്രചമയം ഗണപതിനമ്പൂതിരിയുടെ വസതിയിൽ നിന്നും ഏറ്റുവാങ്ങിയ കൊടി, ചെങ്ങളം വടക്കം 267-ാം നമ്പർ എസ്.എൻ.ഡി.പി ശാഖയിൽ എത്തി, ഒളശ വെസ്റ്റ്, കല്ലുമട, അയ്‌മനം, മര്യാത്തുരുത്ത്, മള്ളൂശേരി, കോട്ടയം ടൗൺ ബി ശാഖായോഗങ്ങളിലെ സ്വീകരണത്തിന് ശേഷം നാഗമ്പടം ക്ഷേത്രത്തിൽ എത്തി. തുടർന്ന് ദേശവിളക്ക്. വൈകിട്ട് 6.45 ന് ഗുരുദേവ പ്രതിഷ്‌ഠാ വാർഷികത്തിന്റെ ഭാഗമായി വിശേഷാൽ പൂജകൾ നടന്നു. തുടർന്ന് സ്വാമി വിശുദ്ധാനന്ദയെ പൂർണ കുംഭം നൽകി സ്വീകരിച്ചു. കലാപരിപാടികളുടെ ഭാഗമായി രാത്രിയിൽ ക്ഷേത്രത്തിൽ നൃത്താർച്ചന നടന്നു.

നാഗമ്പടം

ക്ഷേത്രത്തിൽ

ഇന്ന്

രാവിലെ 5 ന് - നടതുറക്കൽ, നിർമ്മാല്യ ദർശനം,

രാവിലെ 10.30 ന് - ഉത്സവബലി

ഉച്ചയ്‌ക്ക് 12.30 ന് - ഉത്സവബലി ദർശനം

വൈകിട്ട് 5 ന് - താലപ്പൊലി ഘോഷയാത്ര , ദേശതാലപ്പൊലി

വൈകിട്ട് 5.30 ന് - കാഴ്‌ച ശ്രീബലി

രാത്രി 7.30 ന് - വിളക്കിനെഴുന്നെള്ളിപ്പ്

തിരുവരങ്ങളി‌ൽ

ഉച്ചയ്‌ക്ക് ഒന്ന് മുതൽ. - ഭാഗവതപാരായണം

ഉച്ചയ്ക്ക് 2.00 ന് - പ്രഭാഷണം

വൈകിട്ട് 4 ന് - തിരുവാതിരകളി , നൃത്തനൃത്യങ്ങൾ

രാത്രി 8.30 ന് - പഞ്ചവീണക്കച്ചേരി