കോട്ടയം: അമിത കൂലി വാങ്ങുന്ന ഓട്ടോഡ്രൈവർമാർക്ക് മൂക്കുകയറിടാൻ നഗരത്തിൽ കൂടുതൽ സ്ഥലങ്ങളിൽ പ്രീപെയ്‌ഡ് കൗണ്ടർവരുന്നു. റെയിൽവേ സ്റ്റേഷനിൽ പുനരാരംഭിച്ച പ്രീപെയ്‌ഡ് കൗണ്ടറിന്റെ പ്രവർത്തനം പരിശോധിച്ച ശേഷമാവും അടുത്ത ഘട്ടത്തിലേയ്‌ക്ക് കടക്കുക. കെ.എസ്.ആർ.ടി.സി, നാഗമ്പടം, തിരുനക്കര എന്നിവിടങ്ങളിൽ പ്രീപെയ്‌ഡ് കൗണ്ടറുകൾ ആരംഭിക്കുന്നതിനുള്ള പദ്ധതിയാണ് ജില്ലാ ഭരണകൂടം തയ്യാറാക്കുന്നത്.
കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് റെയിൽവേ സ്റ്റേഷനിലെ പ്രീപെയ്‌ഡ് കൗണ്ടർ പുനരാരംഭിക്കുന്നതിനു തീരുമാനം എടുത്തത്. ജില്ലാ കളക്‌ടർ സുധീർ ബാബു ചുമതലയേറ്റെടുത്ത ശേഷം നഗരത്തിലെ ഓട്ടോറിക്ഷകൾക്ക് മീറ്റർ ഘടിപ്പിക്കുന്നതു സംബന്ധിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം പ്രീപെയ്‌ഡ് കൗണ്ടറിന്റെ ചർച്ചയിലേയ്‌ക്ക് ഓട്ടോഡ്രൈവർമാരുടെ യൂണിയനുകളെ ക്ഷണിച്ചിട്ടും ആരും എത്തിയില്ല. തുടർന്നാണ് ഉദ്യോഗസ്ഥ തലത്തിൽ തന്നെ പ്രീപെയ്‌ഡ് കൗണ്ടർ തുറക്കാൻ തീരുമാനിച്ചത്.
യോഗത്തിൽ വിവിധ സ്ഥലങ്ങളിൽ പ്രീപെയ്‌ഡ് കൗണ്ടർ ആരംഭിക്കണമെന്ന നിർദേശവും ഉയർന്നു.
പെർമിറ്റില്ലാത്ത ഓട്ടോറിക്ഷകൾ
കോട്ടയം നഗരത്തിൽ സർവീസ് നടത്തുന്ന 1200 ഓട്ടോറിക്ഷകൾക്ക് മാത്രമാണ് നഗരപരിധിയിൽ സർവീസ് നടത്താൻ പെർമിറ്റുള്ളതെന്നാണ് മോട്ടോർ വാഹന വകുപ്പ് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നത്. എന്നാൽ, നഗരപരിധിയിലെ ഓട്ടോറിക്ഷകൾ അടക്കം 2500 എണ്ണം യാതൊരു മാനദണ്ഡവുമില്ലാതെ ഇവിടെ സർവീസ് നടത്തുന്നുണ്ട്. ഇവയെ കണ്ടെത്തി നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പിന് കഴിയുന്നില്ല. പെർമിറ്റില്ലാതെ നഗരത്തിനുള്ളിൽ നിന്ന് ഓട്ടം പിടിക്കരുതെന്നാണ് ചട്ടം. മീറ്ററില്ലാത്തതിനാൽ ഈ ചട്ടവും ഓട്ടോ ഡ്രൈവർമാർ മുതലെടുക്കുന്നു. സാധാരണക്കാർക്ക് നീതി ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.