ചിങ്ങവനം: കുറിച്ചി കാലായിപ്പടി മേൽപ്പാലം നിർമ്മാണം വൈകുന്നതിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി നാട്ടുകാർ.ശങ്കരപുരത്ത് റെയിൽവേപാത മുറിച്ചു കടക്കുന്നതിനിടെ കാൽനടയാത്രക്കാരൻ ട്രെയിനിടിച്ചു മരിച്ചതാണ് കാരണം. കാലായിപ്പടി മേൽപ്പാലം പൂർത്തിയാകാത്തതിനാൽ റെയിൽപാത മുറിച്ചു കടന്നാണ് പ്രദേശവാസികൾ യാത്ര ചെയ്യുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ മൂന്ന് പേരാണ് ഈ ഭാഗത്ത് ട്രയിനിടിച്ച് മരിച്ചത്. കുറിച്ചി ചെറുവേലിപ്പടി വല്യേടത്തറ വി.പി. കുരുവിള (55 ) ആണ് കഴിഞ്ഞ ദിവസം ഇവിടെ ട്രെയിനിടിച്ചു മരിച്ചത്. മേൽപ്പാലമില്ലാത്തതാണ് അപകട കാരണമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ആരോപിച്ചു.
പാത ഇരട്ടിപ്പിക്കൽ പൂർത്തിയായെങ്കിലും മേൽപ്പാലം എങ്ങുമെത്തിയില്ല.
കൊച്ചുകുട്ടികൾ പോലും വളരെ അപകടകരമായാണ് ഇവിടെ പാത മുറിച്ചു കടക്കുന്നത്.
മൂന്നു മാസം കൊണ്ട് നിർമാണം പൂർത്തിയാക്കുമെന്ന ഉറപ്പിൽ കഴിഞ്ഞ മാർച്ചിലാണ് നിർമ്മാണം ആരംഭിച്ചത്. എന്നാൽ 10 മാസം കഴിഞ്ഞിട്ടും പൂർത്തിയായില്ല. പ്രതിഷേധങ്ങളെ തുടർന്ന് കുറിച്ചി പഞ്ചായത്ത് ഓഫീസിൽ നടന്ന യോഗത്തിൽ പണികൾ
ഉടൻ തീർക്കാമെന്ന് ഉറപ്പും നൽകിയിരുന്നു. എന്നാൽ ഫണ്ടില്ലെന്ന കാരണം പറഞ്ഞു കരാറുകാർ നിർമാണം വൈകിക്കുകയാണ്. ഇവിടത്തെ പഴയ മേൽപ്പാലം കൂടി പൊളിച്ചതോടെ കുറിച്ചി പഞ്ചായത്തിലെ കിഴക്ക് പടിഞ്ഞാറ് പ്രദേശങ്ങൾ തമ്മിൽ യാതൊരു ബന്ധവുമില്ലാത്ത അവസ്ഥയാണ്.
എം.പി സ്ഥലം സന്ദർശിച്ചു
കാലായിപ്പടി മേൽപ്പാല നിർമ്മാണം വൈകുന്നതിനെതിരെ ആക്ഷൻകൗൺസിലിന്റെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയതോടെ കൊടിക്കുന്നിൽ സുരേഷ് എം.പി സ്ഥലം സന്ദർശിച്ചു. നിർമ്മാണം പുന:രാരംഭിക്കാനുള്ള നടപടികൾ അടിയന്തരമായി ആരംഭിക്കുമെന്ന് എം.പി പ്രദേശവാസികൾക്ക് ഉറപ്പു നൽകി.
ഇതിനുമുമ്പ് പലതവണ എം.പി ക്കും , കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിനും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു.തുടർന്നാണ് എം.പി നേരിട്ടെത്തി കാലായിപ്പടി മേൽപ്പാലത്തിന്റെ നിലവിലെ സ്ഥിതി വിലയിരുത്തിയത്.
ജീവൻ പണയം വച്ചാണ് പ്രദേശവാസികൾ റെയിൽവെപാത മുറിച്ചു കടക്കുന്നത്. റെയിൽവെ അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ ആവശ്യത്തിന് ഫണ്ടില്ലെന്നാണ് പറയുന്നത്. ഇത്രയും നാളും സമാധാനപരമായിട്ടാരുന്നു പ്രതിഷേധം. ഇനി സമരരീതി മാറ്റും.
പി.വി ജോർജ് (ആക്ഷൻ കൗൺസിൽ ചെയർമാൻ)