പാലാ : യുവതലമുറയെ ആദ്ധ്യാത്മികചര്യകളിലേക്ക് കൂടുതൽ അടുപ്പിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് പറഞ്ഞു. മീനച്ചിൽ യൂണിയനിൽ വനിതാസംഘത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ശ്രീനാരായണ മൂല്യാധിഷ്ഠിത പഠനക്ലാസിന്റെ പുതിയ ബാച്ച് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആദ്ധ്യാത്മികതയിൽ നിന്നകലുന്ന യുവത നാടിന്നാപത്താണ്. ധർമ്മത്തിലൂന്നി ജീവിക്കണമെങ്കിൽ ആദ്ധ്യാത്മിക അറിവുണ്ടാകണം. പരിണാമമില്ലാത്ത ശാസ്ത്രമാണ് ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
യൂണിയൻ ചെയർമാൻ എ.ജി തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. സ്വാമി ധർമ്മചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. ശാസ്ത്രയുഗമായ ഇരുപതാം നൂറ്റാണ്ടിനെ സമ്പന്നമാക്കിയ മഹാഗുരുവിന്റെ ദർശനങ്ങൾ ലോകത്തിനു മുഴുവനുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യൂണിയൻ കൺവീനർ അഡ്വ. കെ.എം.സന്തോഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. പഠന കേന്ദ്രം മുഖ്യകാര്യദർശി എ.ബി. പ്രസാദ്കുമാർ, ഷൈലജ രവീന്ദ്രൻ, ഷാജി കടപ്പൂർ, സജി മുല്ലയിൽ , ഷിബു കല്ലറയ്ക്കൽ, രാജൻ കൊണ്ടൂർ, സോളി ഷാജി, അനീഷ് ഇരട്ടയാനി, കെ.കെ ബിനു രാമപുരം തുടങ്ങിയവർ പ്രസംഗിച്ചു. വനിതാസംഘം യൂണിയൻ ചെയർപേഴ്‌സൺ മിനർവ്വ മോഹൻ സ്വാഗതവും, കോഴ്‌സ് കോ-ഓർഡിനേറ്റർ രാജി ജിജിരാജ് നന്ദിയും പറഞ്ഞു. ഇരുനൂറോളം വനിതകളാണ് പുതിയ ബാച്ചിലുളളത്.