കോട്ടയം: സാമ്പത്തിക സംവരണം നടപ്പാക്കിയതിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ കത്തയച്ചു. 'സാമ്പത്തിക സംവരണം നടപ്പാക്കിയ പ്രധാനമന്ത്രിക്ക് ആശംസകൾ. സർക്കാരിന്റെ സാമൂഹ്യ നീതിയും പ്രതിബദ്ധതയുമാണ് സാമ്പത്തിക സംവരണത്തിലൂടെ തെളിയിച്ചിരിക്കുന്നത്. വിഷയത്തിൽ മുൻ സർക്കാരുകൾ ആത്മാർത്ഥതയില്ലാത്ത നിലപാടാണ് സ്വീകരിച്ചിരുന്നത്. സമുദായത്തിന്റെ ദീർഘകാലത്തെ ആവശ്യം അംഗീകരിച്ചതിനു നന്ദി. മോദിയുടെ നേതൃത്വത്തിന് എല്ലാ പ്രാർത്ഥനകളുമുണ്ടാകും" എന്ന് കത്തിൽ പറയുന്നു.
സാമ്പത്തിക സംവരണ ബില്ലിൽ രാഷ്‌ട്രപതി ഒപ്പിട്ടതിനു പിന്നാലെയാണ് സുകുമാരൻ നായർ മോദിയെ അഭിനന്ദിച്ച് കത്തയച്ചത്. മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസത്തിലും, ജോലിയിലും സംവരണം അനുവദിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ നേരത്തെ എൻ.എസ്.എസ് പ്രശംസിച്ചിരുന്നു. അതിനു പിന്നാലെയാണ് നേരിട്ട് കത്തയച്ചത്.
യു.പി.എ സർക്കാരിന്റെ കാലത്ത് സാമ്പത്തിക സംവരണം പഠിക്കാൻ എസ്.ആർ. സിൻഹു അദ്ധ്യക്ഷനായ സമിതി രൂപീകരിച്ചെങ്കിലും റിപ്പോർട്ട് ലഭിച്ച ശേഷം കോൺഗ്രസ് നടപടിയെടുത്തില്ലെന്നും കത്തിൽ ആരോപിക്കുന്നു.