പാലാ : ആധുനിക താരകാസുരന്മാാരും ഹിരണ്യകശിപുമാരും വിചാരിച്ചാൽ തകർക്കാൻ പറ്റുന്നതല്ല സനാതന ധർമ്മമെന്ന് മുൻ ഡി.ജി.പി ടി.പി. സെൻകുമാർ പറഞ്ഞു. ഐങ്കൊമ്പ് അംബികാ വിദ്യാഭവൻസ്റ്റേഡിയത്തിൽ ഭാഗവതഗ്രാമാചാര്യൻ സ്വാമി ഉദിത്‌ചൈതന്യയുടെ നേതൃത്വത്തിൽ ആരംഭിച്ച ഭാഗവതസപ്താഹ വിജ്ഞാന യജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സനാതന ധർമ്മത്തെപ്പോലെ ഉൽക്കൃഷ്ടവും ഉന്നതവുമായ ഒരു ധർമ്മം ലോകത്തില്ല. തെറ്റായ കുറേ ആചാരങ്ങൾ ചേർന്നതിനാലാണ് ഇടയ്ക്ക് അപചയത്തിലാണ്ടുപോയത്. അരിയിലെ കറുത്ത മണികൾ പെറുക്കിക്കളഞ്ഞ് ഉപയോഗിക്കുന്നതുപോലെ സനാതന ധർമ്മവും ഏവരും നിത്യജീവിതത്തിൽ ഉപയോഗിക്കുകയും കാത്തുസൂക്ഷിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
സംഘാടക സമിതി ചെയർമാൻ വി.എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.എൻ.കെ മഹാദേവൻ, സി.എസ് പ്രദീഷ് , കെ.എൻ.പ്രശാന്ത് കുമാർ, ടി.കെ.തങ്കപ്പൻ നായർ, ഡി.ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. കെ.എസ്.വേണുനമ്പൂതിരി ഭദ്രദീപം തെളിയിച്ചു. സ്വാമി ഉദിത് ചൈതന്യ ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തി. ഇന്ന് പുലർച്ചെ 5 ന് ഗണപതിഹോമം, 6 മുതൽ ധ്യാനവും വിഷ്ണുസഹസ്രനാമവും. 7 ന് പാരായണം തുടങ്ങും. 8 നും 11.30നും പ്രഭാഷണം. വൈകിട്ട് 6.30 ന് ദീപാരാധന. രാത്രി 7 ന് നടക്കുന്ന മാതൃസംഗമം ആർ.ഗിരിജ ഉദ്ഘാടനം ചെയ്യും. എം.എസ് ലളിതാംബിക അദ്ധ്യക്ഷത വഹിക്കും. സതി ബാലകൃഷ്ണൻ, ബിന്ദു പി.വി, ലതിക ബിജു, ശ്രീരേഖ എന്നിവർ പ്രസംഗിക്കും.