കോട്ടയം: കോട്ടയത്ത് നാലിട‌ത്തുണ്ടായ അപകടങ്ങളിൽ നവവരനും ബാലികയുമുൾപ്പെടെ നാലുപേർ മരിച്ചു. വൈക്കം വടയാറിൽ നവവരൻ ഉൾപ്പെടെ രണ്ടുയുവാക്കളും മുണ്ടക്കയത്ത് എട്ടുവയസുകാരിയും പാലായിൽ വ്യാപാരിയുമാണ് മരിച്ചത്. പൊലീസുകാരും അയ്യപ്പഭക്തരും കുട്ടികളും അ‌ടക്കം നിരവധി പേർക്ക് പരിക്കേറ്റു.

വടയാറിൽ ബൈക്ക് ലോറിയിലിടിച്ചാണ് വൈക്കം ഉദയനാപുരം അക്കരപ്പാടം കോണിപറമ്പിൽ പൊന്നപ്പന്റെ മകൻ അരുൺ (മുത്ത് 25), ഉദയനാപുരം വല്ലകം സബ്‌സ്റ്റേഷന് സമീപം വഴുതുകാട്ടിൽ ശ്രീനിവാസന്റെ മകൻ ശ്രീ ശ്യാം (26) എന്നിവർ മരിച്ചത്. ശ്രീ ശ്യാം ഒന്നരമാസം മുമ്പാണ് വിവാഹിതനായത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.15 ന് വടയാർ പാലത്തിന് സമീപമാണ് അപകടമുണ്ടായത്. ആനയെ കൊണ്ടുപോകുന്നതിനായി വന്ന ലോറിയുമായി മറ്റൊരു വാഹനം മറികടന്നെത്തിയ ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ലോറിയ്ക്കടിയിൽപെട്ടുപാേയ ഇരുവരെയും ഫയർഫോഴ്‌സും പൊലീസും നാട്ടുകാരും ചേർന്ന് ഏറെ നേരം പണിപ്പെട്ടാണ് പുറത്തെടുത്തത്. ഇതിനകം മരണം സംഭവിച്ചിരുന്നു. ബൈക്ക് പൂർണമായി തകർന്നു. അപകടത്തെ തുടർന്ന് വൈക്കം തലയോലപ്പറമ്പ് റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ട. അരുൺ വൈക്കം വലിയകവലയ്ക്ക് സമീപം കാർ വർക്ക്‌ഷോപ്പിലെ മെക്കാനിക്കും ശ്രീശ്യാം അലുമിനിയം ഫാഫ്രിക്കേഷൻ തൊഴിലാളിയുമാണ്. അരുണിന്റെ മാതാവ്: സിജി.സഹോദരങ്ങൾ: അനന്തു, അഖില. ശ്രീ ശ്യാമിന്റെ മാതാവ്: ശാന്തകുമാരി. ഭാര്യ: ശ്യാമ (ചെമ്മനത്തുകര).സഹോദരൻ ശ്രീശാന്ത് (ദുബായ്). ഇരുവരുടെയും മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.

മുണ്ടക്കയത്ത് വേദപഠനം കഴിഞ്ഞ് മടങ്ങുകയായിരുന്നു കുട്ടികൾ സഞ്ചരിച്ച ജീപ്പ് റോഡിരികിലെ തെങ്ങിലിടിച്ച് മറിഞ്ഞ് പുഞ്ചവയൽ കൊച്ചുപുരയ്ക്കൽ ജോമോന്റെ മകൾ എസ്തർ (8) മരിച്ചു. ഒപ്പമുണ്ടായിരുന്ന ആൻഡ്രിയ (9), ഡോണ (8), ഡിയോൺ (7), സിയ (9), ഡാലിയോൺ (8) എന്നിവരെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു കുട്ടികൾ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലും ചികിൽസയിലാണ്. ഇന്നലെ ഉച്ചയ്‌ക്ക് ഒന്നരയോടെ പുഞ്ചവയൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ വേദപഠനത്തിനു ശേഷം മടങ്ങുകയായിരുന്നു കുട്ടികൾ. മുന്നോലി, അഞ്ഞൂറ്റി നാലുകോളനി പ്രദേശത്തെ എട്ടു കുട്ടികളായിരുന്നു ജീപ്പിലുണ്ടായിരുന്നത്. പുഞ്ചവയൽ ചതുപ്പ് തടത്തിൽ ജോസുകുട്ടിയാണ് ജീപ്പ് ഒാടിച്ചിരുന്നത്. ഇയാൾ നിസാര പരിക്കോടെ രക്ഷപ്പെട്ടു.

അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ജീപ്പ് പൊലീസ് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ മെഡിക്കൽകോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയ ആംബലുൻസ് ഇടിച്ചാണ് സ്‌കൂട്ടർ യാത്രക്കാരൻ പാലാ അളനാട്ടിൽ താമസിക്കുന്ന വാഴേപ്പറമ്പിൽ ശേഖരൻ (65) മരിച്ചത്. പാലായിൽ ബജി കച്ചവടം നടത്തുന്ന ശേഖരൻ വർഷങ്ങൾക്ക് മുമ്പ് തമിഴ്‌നാട്ടിൽ നിന്ന് പാലായിലെത്തിയതാണ്. രാവിലെ പതിനൊന്നിന് പാലാ - രാമപുരം റോഡിൽ ചക്കാമ്പുഴ ജംഗ്ഷനിലാണ് അപകടങ്ങൾക്ക് തുടക്കം. കർണ്ണാടകയിൽ നിന്ന് ശബരിമലയിലേയ്ക്ക് വരികയായിരുന്ന അയ്യപ്പഭക്തരുടെ ജീപ്പ് കൊണ്ടാട് - ചക്കാമ്പുഴ റോഡിൽ നിന്ന് പ്രധാന റോഡിലേയ്ക്ക് പ്രവേശിച്ചപ്പോൾ പൊലീസ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. പൊലീസുകാർ രാമപുരം പള്ളിയുടെ കൂദാശാകർമ്മത്തിന്റെ ഭാഗമായി പ്രത്യേക ഡ്യൂട്ടിക്ക്‌ പോവുകയായിരുന്നു. അപകടത്തിൽ ആറ് അയ്യപ്പഭക്തർക്കും അഞ്ച്‌ പൊലീസുകാർക്കും പരിക്കേറ്റു. പരിക്കേറ്റ അയ്യപ്പഭക്തരായ പാണ്ഡു (28), സഞ്ജു (30),അജയ് (40), അരവിന്ദ് (32) എന്നിവരെ കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം എ.ആർ. ക്യാമ്പിലെ അഞ്ച് പൊലീസുകാർക്കും പരിക്കേറ്റു. പരിക്കേറ്റ അയ്യപ്പഭക്തരെ പാലാ ജനറലാശുപത്രിയിലേയ്ക്ക് വിവിധ വാഹനങ്ങളിൽ എത്തിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ അയ്യപ്പഭക്തരെ ഇവിടെ നിന്ന്‌ കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാനെത്തിയ ആംബുലൻസ് പാലാ ടൗണിൽ കുരിശുപള്ളി ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ്‌ പ്രധാന റോഡിലൂടെ പോകുമ്പോഴാണ് സ്‌കൂട്ടറിൽ ഇടിച്ചത്. ശേഖരന്റെ ഭാര്യ. ഓമന. മക്കൾ: ജയേഷ്, ജയ, രൂപേഷ്, കണ്ണൻ. സംസ്കാരം പിന്നീട് .