e

ഈരാറ്റുപേട്ട: പൂനെയിൽ നടക്കുന്ന ഖേലോ ഇൻഡ്യ യൂത്ത് നാഷണൽ ഗെയിംസിൽ ഭരണങ്ങാനം എസ്.എച്ച് സ്‌പോട്‌സ് ഹോസ്റ്റലിലെ ആൻ റോസ് ടോമിക്കും അലീന വർഗീസിനും മികച്ച നേട്ടം. 100 മീറ്റർ, 100 മീറ്റർ ഹർഡിൽസ് എന്നിവയിൽ വെങ്കലവും 4x100 മീറ്റർ റിലേയിൽ വെള്ളിയും കരസ്ഥമാക്കി. 2018-10 സ്‌കൂൾ വർഷം നാല് ദേശീയ മീറ്റുകളിൽ പങ്കെടുത്ത് മെഡൽ നേടിയ ആൻ റോസ് ടോമി ഭരണങ്ങാനം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയാണ്. നേരത്തെ യൂത്ത് നാഷണൽ മീറ്റ്, ജൂനിയർ നാഷണൽ, സ്‌കൂൾ നാഷണൽ എന്നിവയിൽ മെഡൽ നേടിയിരുന്നു. ഇരട്ടയാർ കുമ്പിളുവേലിൽ ടോമിയുടെയും ബിന്ദുവിന്റെും മകളാണ്.

റിലേയിൽ വെള്ളി നേടിയ അലീന വർഗീസ് ജൂനിയർ നാഷണൽ മീറ്റിൽ 100 മീറ്റർ ഹർഡിൽസിൽ വെള്ളി മെഡലും നേടിയിരുന്നു. സംസ്ഥാന സ്‌കൂൾ കായികമേളയിലും വെള്ളിയും സംസ്ഥാന ജൂനിയർ മീറ്റിൽ 100 മീറ്റർ, 100 മീറ്റർ ഹർഡിൽസ് എന്നിവയിൽ സ്വർണ്ണവും നേടിയിരുന്നു. എസ്.എച്ച്.ജി.എച്ച്.എസിൽ പത്താംക്ലാസ് വിദ്യാർത്ഥിയായ അലീന കോഴിക്കോട് കുപ്പയത്തോട് ഈന്തിലാംകുഴിയിൽ വർഗീസിന്റെയും റീനയുടെയും മകളാണ്. സംസ്ഥാന സ്‌പോട്‌സ് കൗൺസിൽ അത്‌ലറ്റിക് കോച്ച് ജൂലിയസ് ജെ മനയാനിയാണ് ഇരുവരുടെയും പരിശീലകൻ.