കോട്ടയം: വാട്ടർ അതോറിട്ടിയുടെ പൂവത്തുംമൂട് ശുദ്ധീകരണ പ്ലാന്റ് നിർമ്മാണം പുരോഗമിക്കുന്നു. കോട്ടയം നഗരത്തിലും സമീപപ്രദേശങ്ങളിലും ജലവിതരണം സുഗമമാക്കുന്നതിനായി 23 കോടി ചെലവിലാണ് പ്ലാന്റ് നിർമ്മിക്കുന്നത്. പ്ലാന്റിലൂടെ ഒരേസമയം 50 ദശലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിക്കും.
കോട്ടയം നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ഇപ്പോൾ ശുദ്ധജലം എത്തിക്കുന്നത് പൂവത്തുംമൂട്ടിലെ 18 ദശലക്ഷം ലിറ്റർ ശേഷിയുള്ള പ്ലാന്റിൽ നിന്നാണ്. 1961 ൽ തുടങ്ങിയ ഈ പ്ലാന്റിന് 15 ദശലക്ഷം ലിറ്റർ വെള്ളം പമ്പ് ചെയ്യാനേ പറ്റുന്നുള്ളൂ. ഇതിന്റെ പ്രവർത്തനം മന്ദഗതിയിലുമാണ്. വെള്ളത്തിന്റ അളവ് കുറയുന്നത് പമ്പിംഗിനെ ബാധിക്കുന്നുണ്ട്. പലഭാഗങ്ങളിലും ശുദ്ധജലം ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്.
ഇതോടെയാണ് പുതിയ പ്ലാന്റ് നിർമ്മിക്കാൻ തീരുമാനിച്ചത്. തുടർന്ന് കിഫ്ബിയിൽ ഉൾപ്പെടുത്തി പദ്ധതിയുടെ നിർമാണത്തിന് തുടക്കമിടുകയായിരുന്നു. 18 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് കരാർ. ഇത് കണക്കിലെടുത്ത് അതിവേഗമാണ് നിർമ്മാണം നടക്കുന്നത്. നിലവിലുള്ള പ്ലാന്റിനോട് ചേർന്നാണ് പുതിയ പ്ലാന്റ്.
നിലവിൽ ആഴ്ചയിൽ മൂന്നു ദിവസം മാത്രമാണ് പല സ്ഥലങ്ങളിലും ശുദ്ധജല വിതരണം നടത്തുന്നത്. പുതിയ പ്ലാന്റ് പൂർത്തിയാകുന്നതോടെ എല്ലാ ദിവസവും ശുദ്ധജല വിതരണം നടത്താൻ കഴിയുമെന്നും വാട്ടർ അതോറിട്ടി അധികൃതർ പറഞ്ഞു.
പദ്ധതി ലക്ഷ്യം
പൂവത്തുംമൂട് പമ്പ് ഹൗസിൽ നിന്നു പമ്പു ചെയ്യുന്ന ജലം അരക്കിലോമീറ്റർ മുകളിലുള്ള പരച്ചിറക്കുന്നിലെ പ്ലാന്റിൽ എത്തിച്ച് അവിടെ നിന്ന് ശുദ്ധീകരിക്കും. പുതിയതായി സ്ഥാപിക്കുന്ന പൈപ് ലൈൻ വഴി കോട്ടയം കളക്‌ടറേറ്റിന് സമീപത്തെ ടാങ്കിൽ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അറുപതിനായിരത്തോളം പേർക്ക് പദ്ധതി പ്രയോജനം ചെയ്യും.