p

കോട്ടയം: നിയമ മേഖലയിൽ നവീന ആശയങ്ങൾക്ക് പ്രാധാന്യം വർദ്ധിക്കുകയാണെന്ന് ഹൈക്കോടതി ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ് പറഞ്ഞു.

കോമൺവെൽത്ത് ലീഗൽ എഡ്യൂക്കേഷൻ അസോസിയേഷനും കോമൺ വെൽത്ത് ലോയേഴ്‌സ് അസോസിയേഷനും സംയുക്തമായി കാണക്കാരി സി. എസ്. ഐ. കോളേജ് ഫോർ ലീഗൽ സ്റ്റഡിസിൽ സംഘടിപ്പിച്ച ദേശീയ മൂട്ട് മത്സരങ്ങളുടെ സമാപന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാങ്കേതിക വിദ്യയും നവലിബറൽ സമ്പദ് വ്യവസ്ഥയും അന്താരാഷ്ട്ര വാണിജ്യ ഇടപാടുകളും ബൗദ്ധിക സ്വത്തവകാശവുമൊക്ക നിയമവിദ്യാർഥികൾക്കു നൂതന അവസരങ്ങളാണ് പ്രദാനം ചെയ്യുന്നത്. റോബോട്ട് വക്കീൽ പോലും നിലവിൽ വരുന്ന കാലം വിദൂരമല്ല. പരാമ്പരാഗത രീതിശാസ്ത്രങ്ങൾ വെടിഞ്ഞ് പുത്തൻപാത വെട്ടിപ്പിടിക്കാൻ യുവതലമുറ തയാറാകണം. പാവപ്പെട്ടവരുടെ ദുരിതമകറ്റാൻ നിയമസംവിധാനങ്ങളെ എങ്ങനെ വിനിയോഗിക്കാമെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. ഇതിലേക്കുള്ള പ്രായോഗിക പരിശീലനം നൽകാൻ നിയമ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അദ്ധ്യക്ഷത വഹിച്ചു. സി.എസ്.ഐ. ഡയോസിയസ് ട്രഷറർ ഫാ. തോമസ് പായിക്കാടൻ,
കോമൺവെൽത്ത് ലീഗൽ എജുക്കേഷൻ ദക്ഷിണേഷ്യൻ പ്രസിഡന്റ് പ്രൊഫ. ഡോ. എസ്. ശിവകുമാർ, ആതിഥേയ സ്ഥാപന മേധാവിയുമായ പ്രൊഫ. ഡോ. ജോർജ് ജോസഫ്, അഡ്വ. വിക്രം സിംഗ് ആര്യ, മനോഹർ തൈരാണി, സൗത്ത് ഏഷ്യാ മൂട്ടിംഗ് കോ ഒാർഡിനേറ്റർ ഡോ. ലിസ പി. ലൂക്കോസ്, കോട്ടയം ജില്ലാ ജഡ്ജി പി. സനിൽകുമാർ, അഡ്വ. രവി പ്രകാശ്, ഡാൻ റോയിസ് എന്നിവർ പ്രസംഗിച്ചു,
അഹമദാബാദ് നിർമ സർവകലാശാലയിലെ സുധി വർമ, ദീപക് സിംഗ് ജാഡൻ, അനീഷ ഷെഖാവത് എന്നിവർ ഏപ്രിലിൽ സാംബിയായിൽ നടത്തുന്ന കോമൺവെൽത്ത് രാജ്യങ്ങളിലെ ബിരുദനിയമ വിദ്യാർത്ഥികൾക്കായുള്ള മൂട്ട് മത്സരത്തിലേക്കുള്ള ഇന്ത്യൻ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ഭോപ്പാൽ നാഷണൽ ലോ യൂണിവേഴ്‌സിറ്റി രണ്ടാം സ്ഥാനവും നോയിഡ ലോയ്ഡ് ലോ കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.