വൈക്കം: മഹാദേവ ക്ഷേത്രത്തിൽ നടന്നു വന്നിരുന്ന ദക്ഷിണാമൂർത്തി സംഗീതോത്സവം സമാപിച്ചു. പ്രവാസി കലാസംഘടനയായ വോയ്‌സ് ഫൗണ്ടേഷനും വൈക്കത്തെ കലാകാരന്മാരും സംഗീതപ്രേമികളും സംയുക്തമായാണ് പരിപാടി നടത്തിയത്. 2019ലെ ദക്ഷിണാമൂർത്തി സംഗീത സുമേരു പുരസ്‌കാരം ചലച്ചിത്ര സംഗീത സംവിധായകൻ വിദ്യാസാഗറിന് വൈക്കം വാസുദേവൻ നമ്പൂതിരി സമ്മാനിച്ചു. ദക്ഷിണാമൂർത്തി ഗാനേന്ദുചൂഢ മണി പുരസ്‌കാരം സംഗീത സംവിധായകൻ വിദ്യാസാഗറിൽ നിന്നു പിന്നണി ഗായിക സുജാത മോഹൻ ഏറ്റുവാങ്ങി. കാഷ് അവാർഡ് ടി.എസ് ഉദയനും, പ്രശസ്തി പത്രം ദീപു കാലാക്കലും നിർവഹിച്ചു. വോയ്‌സ് ഫൗണ്ടേഷൻ ചെയർമാൻ ടി.എസ് ഉദയൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എ. എസ് മനോജ്, സെക്രട്ടറി ദീപു കാലാക്കൽ, രക്ഷാധികാരി വൈക്കം ജയചന്ദ്രൻ, പിന്നണി ഗായകരായ വി. ദേവാനന്ദ്, ബി.ഹരികൃഷ്ണൻ, മേൽശാന്തി ടി. ഡി നാരായണൻ നമ്പൂതിരി ,ഈശ്വരയ്യർ, തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ക്ഷേത്ര കലാമണ്ഡപത്തിൽ നിരവധി കാലാകാരന്മാർ അവതരിപ്പിച്ച സംഗീതസദസും പഞ്ചരത്‌ന കീർത്തനാലാപനവും നടന്നു.