കോട്ടയം: ജില്ലയിലെ അറവുശാലകൾക്കൊന്നും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ലൈസൻസില്ല. പഞ്ചായത്തിന്റെ പോലും ലൈസൻസില്ലാതെ ദിവസവും അമ്പതോളം അറവുശാലകൾ പ്രവർത്തിക്കുമ്പോൾ ഞായറാഴ്ചകളിലും മറ്റ് വിശേഷ ദിവസങ്ങളിലും നൂറിലേറെയെണ്ണം വേറെയും തുറക്കുന്നുണ്ട്. ഇവിടങ്ങളിൽ വിൽക്കുന്ന ഇറച്ചിയുടെ ഗുണമേൻമയിൽ ഒരുറപ്പും പറയാനാകില്ല.

അറവുശാലകൾ തുടങ്ങാൻ പഞ്ചായത്തിന്റെയും ഇറച്ചിവിൽക്കാൻ ആരോഗ്യ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയും അനുവാദം വേണമെന്നാണ് ചട്ടം. എന്നാൽ അറവു ശാല നടത്തുന്നവർക്ക് ഇത് അറിയുമോയെന്നു പോലും സംശയമാണ്. ജില്ലയിൽ ഒരറവുശാലയും ലൈസൻസിനായി ഭക്ഷ്യസുരക്ഷാ വിഭാഗത്തെ സമീപിച്ചിട്ടില്ല. ചുരുക്കം ചിലതിന് മുൻപ് ലൈസൻസുണ്ടായിരുന്നെങ്കിലും ഇപ്പോഴത് പുതുക്കിയിട്ടുമില്ല. ഇതുമൂലം പൊതുജനങ്ങളു‌ടെ ആരോഗ്യം അപകടത്തിലാകുന്നുവെന്നു മാത്രമല്ല, തദ്ദേശ സ്ഥാപനങ്ങൾക്കും ഭക്ഷ്യസുരക്ഷാ വിഭാഗത്തിനും ലൈസൻസ് ഇനത്തിൽ ലഭിക്കേണ്ട വരുമാനവും നഷ്ടമാകുന്നു. അമ്പത് അറവുശാലകളിൽ നിന്നു മാത്രം 3000 കിലോയിലധികം മാംസം പ്രതിദിനം ജില്ലയിൽ വിറ്റഴിക്കുന്നുണ്ടെന്നാണ് കണക്ക്. റോഡരികിലും, മറ്റു ശുചിത്വമില്ലാത്ത ഇടങ്ങളിലുമായാണ് ഇവ ഏറെയും പ്രവർത്തിക്കുന്നത്. മാലിന്യ സംസ്‌കരണത്തിനു പോലും മാർഗമില്ല.

ഒരു മാനദണ്ഡവുമില്ല

അറവുശാലകൾ മാനദണ്ഡങ്ങളൊന്നും പാലിക്കുന്നില്ലെന്ന് മുൻപ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ അന്വേഷണത്തിൽ കണ്ടെത്തിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. അറവുമാടുകളെ വെറ്ററിനറി സർജൻ പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകണമെന്നാണ് ചട്ടം. അതു നടക്കാറേയില്ല. മാംസം തൂക്കിയിട്ട് പ്രദർശിപ്പിക്കരുതെന്നാണ് മറ്റൊരുചട്ടം. ഇതും ലംഘിക്കപ്പെടുന്നു.
പരസ്യമായി മാടുകളെ കൊല്ലുന്നത് കർക്കശമായി വിലക്കിയിട്ടുണ്ടെങ്കിലും അറവുശാലയുടെ പിന്നിലെ തുറസായ സ്ഥലത്തു വച്ച് മാടുകളെ നിർദാക്ഷിണ്യം അറുത്തു കൊല്ലുന്നത് ആർക്കും കാണാം.രോഗം ബാധിച്ചതോ ചത്തതോ ആയ മാടുകളുടെ മാംസം എടുക്കരുതെന്നും ചട്ടമുണ്ട്. ഇതിന്റെ ലംഘനം ഗുരുതരമായ ആരോഗ്യ പ്രശ്‌നമുണ്ടാക്കും. എന്നാൽ, ഇതെല്ലാം ലംഘിച്ചാണ് അനധികൃത അറവുശാലകൾ പ്രവർത്തിക്കുന്നത്.

'' നപടിയെടുക്കാനാണെങ്കിൽ ജില്ലയിൽ ഒരു അറവുശാലയും തുറക്കില്ല. പക്ഷേ, ഇപ്പോഴത്തെ സാഹചര്യത്തിൽ അത് ജനങ്ങൾക്ക് ബുദ്ധിമുട്ടാകും. തദ്ദേശ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ മുൻകൈ എടുത്താലേ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് ഇടപെടാൻ കഴിയൂ''

- സുമിൻ ജോസ്, ഫുഡ് സേഫ്റ്റി ഓഫീസർ