chra-1

ചങ്ങനാശേരി : കുന്നന്താനം ചിറക്കുളത്തിന്റെ തിട്ടകൾ ഇടിഞ്ഞുവീണിട്ട് മാസങ്ങൾ പിന്നിടുന്നു. ചാക്കിൽ മണ്ണ് നിറച്ചാണ് താത്കാലികമായി ഇടിഞ്ഞുപോയ ഭാഗം നിലനിറുത്തിയിരിക്കുന്നത്. എന്നിട്ടും സംരക്ഷഭിത്തി നിർമ്മിക്കാനോ കുളം സംരക്ഷിക്കാനോ നടപടിയില്ല. കുന്നന്താനം പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ കവിയൂർചങ്ങനാശ്ശേരി റോഡിനോടുചേർന്ന് മഹാവിഷ്ണുക്ഷേത്രത്തിന് സമീപമാണ് കുളം സ്ഥിതി ചെയ്യുന്നത്. കുളത്തിന്റെ പടിഞ്ഞാറുഭാഗം മണ്ണിടിഞ്ഞുവീണ് നികന്നു. ചുറ്റുമുള്ള കരിങ്കൽക്കെട്ടിന് 50 വർഷത്തോളം പഴക്കമുണ്ട്.

കരിങ്കല്ല് അടുക്കിയതിലുണ്ടായ അപാകതയാണ് തകരാൻ കാരണം.ചെളി ഉപയോഗിച്ചു കെട്ടിയ കരിങ്കല്ലുകൾ

വെള്ളം നിറയുന്നതിനനുസരിച്ച് ഇടിഞ്ഞ് വീഴുകയായിരുന്നു. കടുത്ത വേനൽക്കാലത്തുപോലും വറ്റാത്ത കുളമാണ്. ഒരുകാലത്ത് കവിയൂർ പുഞ്ചക്കൃഷിക്ക് ഉപയോഗിച്ച കുളം ഉപയോഗശൂന്യമായി കിടക്കുന്നതിനാൽ പായലും പോളയും നിറഞ്ഞു. ജലനിധി പദ്ധതിപ്രകാരം ശുചീകരിക്കുന്നതിനായി ഒരുങ്ങിയെങ്കിലും കരിങ്കൽ കെട്ടുകൾ തകർന്നതിനാൽ പദ്ധതി ഉപേക്ഷിച്ചു.

കുളത്തിന് സമീപത്തെ വീട്ടിലേക്കുള്ള റോഡ് കടന്നുപോകുന്നത് കുളത്തിന്റെ തിട്ടയിലൂടെയാണ്. ഈ ഭാഗത്ത് നൂറുമീറ്റോളം കെട്ട് ഇടിഞ്ഞുതാഴ്ന്നിട്ടുണ്ട്. അപായസൂചനാ ബോർഡുകളും വഴിവിളക്കുകളും ഇല്ലാത്തത് അപകടത്തിന് വഴിയൊരുക്കും.പ്രദേശത്ത് വീട് നിർമ്മിക്കുന്നതിനാവശ്യമായ സാധനങ്ങളുമായെത്തുന്ന ലോറികൾ

കവിയൂർ റോഡിനു സമീപം നിറുത്തിയശേഷം സാധനങ്ങൾ തലച്ചുമടായി കൊണ്ടുപോകണ്ട സ്ഥിതിയാണ്. തിട്ടകൾ ഇടിയുന്നതിനുമുമ്പേ വശങ്ങളിൽ ഇരുമ്പ് പൈപ്പുകളിട്ടു വേലി തീർക്കുന്നതിനും ചുറ്റും തറയോടു പാകുന്നതിനും അഞ്ചുലക്ഷം രൂപ വകയിരുത്തിയിരുന്നു. ജലനിധി പദ്ധതിയിൽ ഉൾപ്പെടുത്തി കുളത്തിന്റെ നവീകരണം അടുത്ത ദിവസം മുതൽ ആരംഭിക്കുമെന്ന് വാർഡ് മെമ്പർ രാജു അറിയിച്ചു.