thdayana

നെടുംകുന്നം : ഭൂജല സംരക്ഷണ പദ്ധതിയുമായി കൈകോർത്തതോടെ നെടുംകുന്നത്തെ തോടുകൾ ജലസമൃദ്ധമാകാൻ ഒരുങ്ങുന്നു. പഞ്ചായത്തിലെ പത്താം വാർഡിലെ എടത്തിനാട്ടുപടിയിലുള്ള അരണപ്പാറ ശുദ്ധജല വിതരണ സമിതിയുടെ കിണറിനു സമീപത്തെ തോട്ടിലാണ് പുതിയ തടയണ നിർമിക്കുന്നത്. തടയണകളിലൂടെ ഓരോ പ്രദേശത്തെയും ജലക്ഷാമം പരിഹരിക്കുന്നതിനും തോടുകളും ജലാശയങ്ങളും എക്കാലവും ജല സമൃദ്ധമാക്കാനുമാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. സമ്പൂർണ ശുദ്ധജല വിതരണ പഞ്ചായത്ത് ആകുന്നതിന്റെ ഭാഗമായാണ് ജലനിധിയുടെ ഫണ്ട് വിനിയോഗിച്ച് പദ്ധതി നടപ്പാക്കുന്നത്.

ഇതിലൂടെ ജലാശയങ്ങൾ വറ്റാതിരിക്കുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത്. സമ്പൂർണ കുടിവെള്ള വിതരണ പദ്ധതി നടപ്പിലാക്കുന്നതിനു പുറമേയാണ് തടയണ നിർമ്മാണം പുരോഗമിക്കുന്നത്. അരണപ്പാറ തോട്ടിലെ തടയണയുടെ നിർമാണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് ദേവസ്യ നിർവഹിച്ചു. പത്താം വാർഡ് മെമ്പർ ജോൺ എം.ജെ, അരണപാറ പദ്ധതിക്കായി കിണറിനു സ്ഥലം വിട്ടു നൽകിയ ജോർജ്കുട്ടി കാരുവേലിൽ. ജലനിധി ഉദ്യോഗസ്ഥരായ ശ്രീജേഷ്, ജിജിൻ എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.

പദ്ധതി ഒറ്റ നോട്ടത്തിൽ

നടപ്പാക്കുന്നത്: പഞ്ചായത്തിലെ വിവിധ വാർഡുകളിൽ

പദ്ധതി: തോടുകളിൽ 13 തടയണകൾ നിർമ്മിക്കുന്നു

ചെലവ്: 50 ലക്ഷം

ലക്ഷ്യം: തോടുകളിൽ വെള്ളം അധികം ലഭിക്കുന്ന സ്ഥലം കണ്ടെത്തി വെള്ളം തടഞ്ഞുനിറുത്തുക

ഫലം: തോടുകളിലെ തടയണ നിർമ്മാണം പൂർത്തിയാകുന്നതോടെ പ്രദേശത്തെ ജലക്ഷാമത്തിനു പരിഹാരമാകും

അരണപ്പാറ തടയണയുടെ ചെലവ്:4.5 ലക്ഷം