ചങ്ങനാശേരി :വയോജനങ്ങളുടെ മനം നിറച്ച് വിശ്രമ കേന്ദ്രം ഒരുങ്ങിക്കഴിഞ്ഞു.നെടുംകുന്നം പഞ്ചായത്തിലെ ഒൻപതാം വാർഡിൽ നിർമ്മിച്ച വിശ്രമകേന്ദ്രം നാടിനു സമർപ്പിച്ചു. വയോജനങ്ങളുടെ ക്ഷേമത്തിനായി നെടുംകുന്നം, കങ്ങഴ, വെള്ളാവൂർ, തുടങ്ങിയ പഞ്ചായത്തുകളിലെ വയോജനങ്ങളെ ഉൾപ്പെടുത്തിയാണ് കേന്ദ്രം നിർമ്മിച്ചത്. കല്ലൻമാവ് ഭാഗത്ത് ജില്ലാ പഞ്ചായത്തംഗം അജിത് മുതിരമലയുടെ ആസ്തി വികസന ഫണ്ടായ 30 ലക്ഷം രൂപ ഉപയോഗിച്ചാണ് വിശ്രമകേന്ദ്രം നിർമ്മിച്ചത്. പ്രദേശത്തെ വയോജനക്ലബുകളെ ഉൾപ്പെടുത്തിയാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. പ്രദേശവാസികളായ വർഗീസ് ജോസഫ്, മത്തായി ജോസഫ്, ഇ.സി.കുര്യാക്കോസ് എന്നിവരാണ് കേന്ദ്രത്തിനാവശ്യമായ സ്ഥലം നല്കിയത്. ഇതുകൂടാതെ അടുത്ത വർഷം ഇൻഡോർ സ്‌റ്റേഡിയം, കോൺഫറൻസ് ഹാൾ തുടങ്ങിയവയും നിർമ്മിക്കും. ഇതിനായി കൂടുതൽ ഫണ്ടും വകയിരുത്തും. വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് ദേവസ്യ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജിത് മുതിരമല മുഖ്യപ്രഭാഷണം നടത്തി. കെട്ടിടം നിർമ്മിക്കുന്നതിനു സ്ഥലം നൽകിയ വർഗീസ് മുരിക്കനനാക്കിൽ, മത്തായി മുരിക്കനനാക്കിൽ, എം.സി.കുര്യാക്കോസ് ഇടവെട്ടാൽ എന്നിവരെ ആദരിച്ചു. വൈസ് പ്രസിഡന്റ് ശൈലജ കുമാരി, വാർഡ് അംഗങ്ങളായ ഫിലോമിന ജയിംസ്, എൽസമ്മ പീറ്റർ, മിനി ജോജി, രാജമ്മ രവീന്ദ്രൻ, ലത ഉണ്ണികൃഷ്ണൻ, വി.എം. ഗോപകുമാർ, എം.ജെ.ജോൺ, ശോഭ സതീഷ് എന്നിവർ പങ്കെടുത്തു.
വിനോദപരിപാടികൾ, വിശ്രമിക്കുന്നതിനായുള്ള സൗകര്യം, കളിസ്ഥലങ്ങൾ, ഹാളുകൾ, പൂന്തോട്ടം തുടങ്ങിയവ ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ, കൗൺസലിംഗ്, ചികിത്സാ സൗകര്യം, മെഡിക്കൽ ക്യാമ്പുകൾ, ക്ലാസുകൾ എന്നിവയും ക്രമീകരിക്കും.